നയന സൂര്യന്റെ മരണം; കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും
മലയാള സിനിമയിലെ യുവ സംവിധായക നയന സൂര്യന്റെ മരണ കാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും. നയനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മരണ കാരണം വ്യക്തമാകാൻ ദേശീയ തലത്തിലുളള വിദഗ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് സർക്കാരിന് കത്ത് നൽകി.
നിലവിൽ നയന കേസിന്റെ ഫയലുകൾ കൈ ബ്രാഞ്ചിന് കൈമാറി. മൂന്ന് വർഷം മുൻപായിരുന്നു നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുമ്പോൾ ശരീരത്തിൽ പരിക്കുകളുണ്ടെങ്കിലും കൃത്യമായ അന്വേഷണം നടത്താതെ തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകി.
എന്നാൽ ഇവരുടെ കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിച്ചത്. മരണത്തിൽ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കൾ രംഗത്തെത്തിയതോടെയാണ് കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്. അതേസമയം, സ്വന്തം ശരീരത്തിൽ മുറിവേല്പിക്കുന്ന സ്വഭാവം നയനക്കുണ്ടായിരുന്നുവെന്ന മ്യൂസിയം പൊലീസിന്റെ കണ്ടെത്തൽ സഹോദരൻ മധു തള്ളിയിരുന്നു.