സീതാറാം യെച്ചൂരിയുടെ വിയോഗം; സിപിഎമ്മിൽ പ്രകാശ് കാരാട്ടിന് താൽക്കാലിക ചുമതല
പ്രകാശ് കാരാട്ട് സിപിഎം കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെയും താൽക്കാലിക കോർഡിനേറ്റർ സ്ഥാനം വഹിക്കും . ഇപ്പോൾ ചേർന്നുകൊണ്ടിരിക്കുന്ന ചേരുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്ത വർഷം ഏപ്രിലിൽ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസ് വരെ ഒരു ഇടക്കാല ക്രമീകരണമെന്ന നിലയിലാണ് പ്രകാശ് കാരാട്ടിന് ചുമതല നൽകിയത്.
സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ആകസ്മിക വിയോഗത്തെ തുടർന്നാണ് പ്രകാശ് കാരാട്ടിന് താൽക്കാലിക ചുമതല നൽകിയത്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംഘടനാ സമ്മേളനങ്ങൾ നടന്നുവരികയാണ്.
സംസ്ഥാനങ്ങളിലെ ബ്രാഞ്ച് സമ്മേളനങ്ങൾക്ക് സെപ്റ്റംബർ മാസത്തിൽ തുടക്കമായി. ഒക്ടോബറിൽ ലോക്കൽ സമ്മേളനങ്ങളും നവംബറിൽ ഏരിയാ സമ്മേളനങ്ങളും പൂർത്തിയാകും. ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും സംസ്ഥാന സമ്മേളനങ്ങൾ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ നടക്കും.