തിക്കിലും തിരക്കിലും പെട്ട് കുസാറ്റില്‍ വിദ്യാര്‍ത്ഥികളുടെ മരണം; മന്ത്രിമാര്‍ കൊച്ചിയിലേക്ക്

single-img
25 November 2023

എറണാകുളം കുസാറ്റില്‍ ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ നവകേരള സദസിൽ നിന്നും മന്ത്രിമാര്‍ കൊച്ചിയിലേക്ക്. മന്ത്രിമാരായ ആര്‍ ബിന്ദുവും, പി രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. കോഴിക്കോട് ജില്ലയിൽ ഇപ്പോൾ നവകേരള സദസ്സില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍ സംഭവം സ്ഥിരീകരിച്ചതായി മാധ്യമങ്ങളോട് അറിയിച്ചതിന് ശേഷമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത് .

വളരെയധികം ദു:ഖകരമായ സംഭവമാണ് നടന്നതെന്നും സംഗീതനിശക്കിടെയുണ്ടായ തിരക്കാണ് അപകടം ഉണ്ടാക്കിയതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ കൊച്ചിയിലെ ആശുപത്രികള്‍ സജ്ജമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആശുപത്രിയില്‍ വേണ്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനോടകം അപകടത്തില്‍ 40 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവിധ ആംബുലന്‍സുകളിലായി വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
സർവകലാശാലയിലെ മെക്കാനിക്കല്‍ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്.

ഗാനമേള സദസ്സിന് ആളുകള്‍ കൂടിയിരുന്നു. ഇതിനിടെ 15 വിദ്യാര്‍ത്ഥികള്‍ തലകറങ്ങിവീഴുകയായിരുന്നു. മഴ പെയ്തതോടെ കൂടുതല്‍ പേര്‍ ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറിയത് അപകടത്തിന് കാരണമായത് . ഗേറ്റ് തുറന്നതോടെ എല്ലാവരും ഒരുമിച്ച് വന്നതോടെ ആളുകള്‍ മേല്‍ക്കുമേല്‍ വീഴുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥികളിലൊരാള്‍ ഒരു മലയാള മാധ്യമത്തിനോട് പറഞ്ഞു.