പുതിയ ക്രിമിനൽ നിയമ പ്രകാരം ആൾക്കൂട്ട കൊലപാതകങ്ങൾക്ക് വധശിക്ഷ: അമിത് ഷാ

single-img
20 December 2023

കേന്ദ്രസർക്കാർ മൂന്ന് പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ലോക്‌സഭയിൽ ചർച്ച ചെയ്യുന്നതിനിടെ നിർദിഷ്ട നിയമങ്ങളിൽ ആൾക്കൂട്ട കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വ്യവസ്ഥയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഭാരതീയ ന്യായ (രണ്ടാം) സൻഹിത ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ (രണ്ടാം) സംഹിത ബിൽ, ഭാരതീയ സാക്ഷ്യ (രണ്ടാം) ബിൽ എന്നിവ ഇന്ന് ലോക്‌സഭ പാസാക്കി.

രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളെ ജയിലിൽ അടയ്ക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച രാജ്യദ്രോഹ നിയമം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായും അമിത് ഷാ പ്രഖ്യാപിച്ചു. “ബ്രിട്ടീഷുകാർ നിർമ്മിച്ച രാജ്യദ്രോഹ നിയമം കാരണം തിലക് മഹാരാജ്, മഹാത്മാഗാന്ധി, സർദാർ പട്ടേൽ, കൂടാതെ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളിൽ പലരും വർഷങ്ങളോളം ജയിലിൽ കിടന്നു. ആ നിയമം ഇന്നും തുടരുന്നു. രാജ്യദ്രോഹ നിയമം നിർത്തലാക്കാൻ മോദി സർക്കാർ തീരുമാനിച്ചു. ” ലോക്സഭയിൽ അദ്ദേഹം പറഞ്ഞു.

നിലവിലുള്ള ഇന്ത്യൻ പീനൽ കോഡിന് പകരമായി കേന്ദ്രം കൊണ്ടുവരുന്ന ഭാരതീയ ന്യായ സംഹിത, ശിക്ഷയെക്കാൾ നീതിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഭാരതീയ ന്യായ സംഹിത ബിൽ, 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ, 2023, ഭാരതീയ സാക്ഷ്യ ബിൽ, 2023 എന്നിവ പാർലമെന്റിൽ ആദ്യമായി അവതരിപ്പിച്ചത് വർഷകാല സമ്മേളനത്തിലാണ്. ശീതകാല സമ്മേളനത്തിൽ ബില്ലുകളുടെ ഭേദഗതി ചെയ്ത പതിപ്പുകൾ അമിത് ഷാ അവതരിപ്പിച്ചു.