പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കും: മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്
മണിപ്പൂരിൽ സ്ത്രീകളെ പൂർണ്ണ നഗ്നരാക്കി പരസ്യമായി റോഡിലൂടെ നടത്തിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. രാജ്യ വ്യാപകമായി വിഷയത്തിൽ പ്രതിഷേധം ഉയർന്നതോടെയാണ് പ്രതികരണം.
അതേസമയം സംഭവത്തിൽ ഉൾപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ദേശീയ വനിതാ കമ്മീഷൻ പ്രതികരിച്ചു. ഈ ബുധനാഴ്ചയാണ് കലാപകാരികൾ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്നതിൻ്റെ മനുഷ്യത്വരഹിതമായ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്.
ഈ മെയ് മാസത്തിൽ നടന്ന ക്രൂരതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മണിപ്പുർ വിഷയത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. ഒടുവിൽ മൗനം വെടിഞ്ഞ പ്രധാനമന്ത്രി സംഭവം ലജ്ജാകരമാണെന്ന് പറഞ്ഞു. വീഡിയോയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ റിപ്പോർട്ട് തേടിയിട്ടുമുണ്ട്.