ഏപ്രിൽ 20 നുള്ളിൽ പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലും’; പയ്യന്നൂർ സഖാക്കൾ എന്നപേരിൽ കെ കെ രമയ്ക്കെതിരെ വധഭീഷണി

single-img
29 March 2023

സംസ്ഥാന നിയമസഭയിൽ നടന്ന സംഘർഷത്തിൽ പരുക്കേറ്റ വടകര എംഎൽഎ കെ കെ രമയ്ക്ക് വധഭീഷണി. സംഘർഷവുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ള പരാതി ഏപ്രിൽ 20 നുളളിൽ പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് പയ്യന്നൂർ സഖാക്കൾ എന്ന പേരിൽ ലഭിച്ച ഭീഷണിക്കത്തിൽ പറഞ്ഞിട്ടുള്ളത്.

നിയമസഭാ സ്പീക്കറുടെ ഓഫീസിന് മുമ്പിൽ നടന്ന സംഘർഷത്തിൽ കെ കെ രമയുടെ കൈയ്ക്ക് പരുക്കേറ്റിരുന്നു. ആ കൈയ്ക്ക് എട്ട് ആഴ്ച പ്ലാസ്റ്ററിടണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. എംആർഐ സ്കാൻ പരിശോധിച്ച ശേഷമാണ് നിർദേശം. എംഎൽഎയുടെ കയ്യിലെ ലി​ഗ്മെന്റിൽ വിവിധ ഭാ​ഗങ്ങളിൽ പരുക്കേറ്റിട്ടുണ്ടെന്ന് എംആർഐ സ്കാനിലൂടെ വ്യക്തമായെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

അതേസമയം, ഈ പ്ലാസറ്ററിട്ടതിനെ പരിഹസിച്ച് സച്ചിൻ ദേവ് എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പരുക്ക് വ്യാജമാണെന്ന രീതിയിൽ വ്യാജ എക്സറേ ദൃശ്യങ്ങളടക്കം ഉൽപ്പെടുത്തിയായിരുന്നു പോസ്റ്റ്. ഈ വിഷയത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരെ സ്പീക്കർക്കും സൈബർ പൊലീസിനും കെ കെ രമ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ സൈബർ പൊലീസ് സച്ചിൻ ദേവിനെതിരെ നടപടി എടുത്തിട്ടില്ല