ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരണസംഖ്യ 280 കടന്നു;ആളുകൾ കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്ന ബോഗി പൊളിച്ചുതുടങ്ങി

single-img
3 June 2023

ഭുവനേശ്വർ : രാജ്യം നടുങ്ങിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മരണസംഖ്യ 280 കടന്നു. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. അപകടം നടന്ന് പതിനഞ്ച് മണിക്കൂറിന് ശേഷവും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിൽപ്പെട്ട ട്രെയിനിലെ ആളുകൾ കുടുങ്ങിക്കിടക്കുന്നെന്ന് സംശയിക്കുന്ന ബോഗി പൊളിച്ചുതുടങ്ങി. ബോഗിക്കകത്ത് മൃതദേഹങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ബോഗി മുറിച്ച് മാറ്റി തെരച്ചിൽ നടത്താനാണ് രക്ഷാപ്രവർത്തകരുടെ സംഘത്തിന്റെ ശ്രമം.

ഇന്നലെ വൈകീട്ട് 6.55 നാണ് 12841 ഷാലിമാർ- ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, പശ്ചിമ ബംഗാളിലെ ഷാലിമാരിൽനിന്ന് പുറപ്പെട്ട് ഒഡീഷയിലെ ബാലസോറിൽ എത്തിയപ്പോൾ  പാളംതെറ്റി മറിഞ്ഞത്. 12 ബോഗികളാണ് പാളം തെറ്റിയത്. പാളംതെറ്റി മറിഞ്ഞു കിടന്ന കോറമാണ്ഡൽ എക്സ്പ്രസിലേക്ക് ബംഗളൂരുവിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഇടിച്ചുകയറിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചത്. ബംഗളൂരു ഹൗറ ട്രെയിനിന്റെ നാല് ബോഗികൾ പൂർണ്ണമായി തകർന്നു. രണ്ടാമത് ഇടിച്ചു കയറിയ ബംഗളൂരു- ഹൗറ ട്രെയിനിന്റെ ബോഗികൾ തൊട്ടടുത്ത ട്രാക്കിൽ ഉണ്ടായിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. 

ഒഡീഷയിൽ അപകടത്തിൽപ്പെട്ട കോറമണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് 867 പേരാണ്. ജനറൽ കമ്പാർട്ട്മെന്റുകളിൽ എത്ര പേരുണ്ടായിരുന്നുവെന്നതിനെ കുറിച്ച് വിവരം ലഭ്യമല്ല. മുഖ്യമന്ത്രി സ്റ്റാലിൻ, ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും സംഘം എന്നിവർ ഒഡിഷയിലേക്ക് തിരിച്ചു. തമിഴ്നാട്ടിൽ ഇന്ന് ദുഃഖാചരണമാണ്. എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മരിച്ച തമിഴ്നാട്ടിൽ നിന്നുള്ളവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ  5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും സ്റ്റാലിൻ അറിയിച്ചു.