വെള്ളാണിക്കല്‍ പാറയിലെ സദാചാര ഗുണ്ടായിസത്തില്‍ പോക്‌സോ വകുപ്പ് ചേർക്കാൻ തീരുമാനം

single-img
24 September 2022

തിരുവനന്തപുരം : വെള്ളാണിക്കല്‍ പാറയിലെ സദാചാര ഗുണ്ടായിസത്തില്‍ പോക്‌സോ വകുപ്പ് കൂടി ചുമത്താന്‍ തീരുമാനം.

മര്‍ദ്ദനമേറ്റവരില്‍ പ്രായപൂര്‍ത്തിയകാത്ത കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കോടതി നടപടി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും.

ജില്ല റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുട്ടികളെ തടഞ്ഞ സദാചാര സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച്‌ അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കേസെടുത്തത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഉടന്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കും.

ഈ മാസം നാലാം തിയതിയാണ് സംഭവം നടന്നത്. പോത്തന്‍കോട് വെള്ളാണിക്കല്‍പ്പാറയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. പെണ്‍കുട്ടികളെയടക്കം വടി ഉപയോഗിച്ച്‌ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകള്‍ തടഞ്ഞു നിര്‍ത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മര്‍ദിച്ചത്. കൈകൊണ്ട് മര്‍ദ്ദിക്കുകയും, വടി കൊണ്ട് അടിക്കുകയും ചെയ്തു. തങ്ങളെ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കുട്ടികള്‍ പറയുന്നു.