അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം തുടരും; മെയ് 2 ന് വീണ്ടും കേസ് പരിഗണിക്കും


മോദി കുടുംബ പരാമർശത്തിനെതിരെയുള്ള അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീലിൽ വാദം തുടരും. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇന്നത്തെ വാദം അവസാനിച്ചു. മെയ് 2 ന് വീണ്ടും കേസ് പരിഗണിക്കും.
അതേസമയം, അപ്പീലിൽ മറുപടി സമർപ്പിക്കാൻ പൂർണേഷ് മോദിക്ക് കോടതി സമയം നൽകി. കേസ് ചൊവ്വാഴ്ച തന്നെ തീർപ്പാക്കാം എന്നും കോടതി പറഞ്ഞു. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വിയാണ് രാഹുലിനായി ഹാജരായത്. രാഹുലിന് എതിരായ കേസ് ഗുരുതര സ്വഭാവമുള്ളതല്ലെന്ന് സിഗ്വി വാദിച്ചിരുന്നു.
എന്നാൽ എവിഡൻസ് ആക്ട് പ്രകാരം നിലനിൽക്കുന്ന തെളിവുകൾ ഹാജരാക്കപ്പെട്ടിട്ടില്ല. കേസ് നിയമപരമായി നിലനിൽക്കുന്നതല്ല. രാഹുലിന് ഉണ്ടാവുന്ന നഷ്ടം ഏറെ വലുതാണ്. ജനങ്ങൾ തിരഞ്ഞെടുത്ത എംപിയെ ജനങ്ങളെ സേവിക്കാൻ അനുവദിക്കണമെന്നും സിംഗ്വി പറഞ്ഞു. രാഹുൽ സ്ഥാനം മറന്നുകൂടാ എന്ന് കോടതി പരാമർശിച്ചു. പരാമർശങ്ങളും പ്രസ്താവനകളും നടത്തുമ്പോൾ അത് ഓർക്കണമെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിച്ചത്. രാഹുലിന്‍റെ അപ്പീൽ നേരത്തെ ജസ്റ്റിസ് ഗീതാ ഗോപിയുടെ ബെഞ്ചിന് മുന്നിലാണ് വന്നതെങ്കിലും കാരണം വ്യക്തമാക്കാതെ അവർ പിന്മാറിയിരുന്നു. തുടർന്നാണ് പുതിയ ബെഞ്ചിന് മുന്നിലേക്ക് അപ്പീൽ എത്തിയത്. അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ആവശ്യപ്പെട്ടാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.