ദില്ലി ബില്ലിനെ എതിര്‍ത്തുള്ള നിലപാടില്‍ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും നന്ദി അറിയിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ദില്ലി: ദില്ലി ബില്ലിനെ എതിര്‍ത്തുള്ള നിലപാടില്‍ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്ക്കും നന്ദി അറിയിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ രണ്ടുകോടി ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നു എന്നാണ് കത്തിൽ അരവിന്ദ് കെജ്രിവാൾ എഴുതിയിരിക്കുന്നത്. നേരത്തെ ദില്ലി ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ആദ്യം നിലപാട് പ്രഖ്യാപ്പിച്ചിരുന്നില്ല. പാട്നയിൽ ചേർന്ന ഇന്ത്യ മുന്നണിയുടെ ആദ്യ യോഗത്തിൽ കോൺഗ്രസിൻറെ നിലപാടിൽ അരവിന്ദ് കെജ്രിവാൾ വ്യക്തത തേടിയിരുന്നെങ്കിലും അന്ന് കോൺഗ്രസ് നിലപാട് എടുത്തിരുന്നില്ല.
പാർലമെന്റ് സമ്മേളനത്തിന് മുൻപ് നിലപാട് എടുക്കുമെന്നായിരുന്നു അന്ന് ഖാർഗെ അറിയിച്ചത് തുടർന്ന് കോൺഗ്രസിൻറെ പാർലമെന്റ് നയരൂപീകരണ സമിതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുകയും തുടർന്ന് ദില്ലി ഓർഡിനൻസിൽ ആം അദ്മി പാർട്ടിയെ പിന്തുണക്കാമെന്ന നിലപാട് കോൺഗ്രസ് എടുക്കുകയും ചെയ്യതു. ദില്ലി ഓർഡിനൻസിൽ കോൺഗ്രസ് നിലപാടെടുത്തില്ലെങ്കിൽ ഇന്ത്യ സഖ്യത്തിൽ ഉണ്ടാകില്ലെന്ന് ആം അദ്മി പാർട്ടിയും കെജ്രിവാളും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ആം അദ്മി പാർട്ടിയെ പിന്തുണക്കാനുള്ള തീരുമാനം കോൺഗ്രസ് എടുത്തത്. ഇന്ത്യ മുന്നണിയിലെ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സമ്മർദവും കോൺഗ്രസിൻറെ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു.