ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും മനീഷ് സിസോദി രാജിവെച്ചു

single-img
28 February 2023

ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും മനീഷ് സിസോദി രാജിവെച്ചു. മനീഷ് സിസോദിയ്ക്ക് പുറമെ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. സിബിഐ അറസ്റ്റ് ചെയ്തതിനെതിരായ സിസോദിയയുടെ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് രാജി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ സത്യേന്ദർ ജെയിൻ കഴിഞ്ഞ 10 മാസമായി തീഹാർ ജയിലിലാണ്. ജെയ്‌നിനെതിരെ നിരവധി വിമർശങ്ങൾ ഉണ്ടായിട്ടും ഇതുവരെയും സംരക്ഷിക്കുന്ന നിലപാടാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്വീകരിച്ചത്‌.

മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐയുടെ എട്ടു മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ ഞായറാഴ്ച രാത്രിയാണ് മനീഷ് സിസോദി അറസ്റ്റിലായത്. ഇന്നലെ സിസോദിയുടെ കേസ് പരിഗണിച്ച ഡൽഹി റോസ് അവന്യു കോടതി അദ്ദേഹത്തെ അഞ്ചു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വിടണമെന്ന ആവശ്യം ജഡ്ജി എൻ.കെ.നാഗ്പാൽ അംഗീകരിക്കുകയായിരുന്നു.

ചർച്ചകളിലൂടെയാണ് മദ്യനയം തീരുമാനിച്ചതെന്നും ഗൂഢാലോചനയില്ലെന്നും സിസോദിയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഗൂഢാലോചനാ വാദത്തിൽ ഉറച്ചുനിന്ന സിബിഐ, നേരത്തെ അറസ്റ്റിലായ പ്രതികൾക്കൊപ്പം സിസോദിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു വ്യക്തമാക്കിയതോടെ കോടതി അത് അംഗീകരിക്കുകയായിരുന്നു