ഏകസിവിൽകോഡ് നടപ്പാക്കരുതെന്ന് ആവശ്യം; കേരളാ നിയമസഭയിൽ നാളെ പ്രമേയം അവതരിപ്പിക്കും
കേന്ദ്രസർക്കാർ രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏക സിവിൽ കോഡ് വിഷയത്തിൽ കേരളാ നിയമസഭയിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. സഭാ ചട്ടം 118 പ്രകാരം അവതരിപ്പിക്കുന്ന പ്രമേയത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെടും.
നിയമസഭാ ഐകകണ്ഠേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്. വിഷയത്തിൽ കേന്ദ്രനടപടിയെ സിപിഎമ്മും സിപിഐയും പ്രതിപക്ഷമായ കോൺഗ്രസും മുസ്ലിം ലീഗും സിപിഐയും ഉൾപ്പെടെയുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ എതിർത്തിരുന്നു. കേരളത്തിലെങ്ങും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയിൽ സർക്കാർ പ്രമേയം കൊണ്ടുവരുന്നത്. അതേസമയം, പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ഇന്നാണ് തുടങ്ങിയത്. ആഗസ്റ്റ് 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങളാണ് പരിഗണിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങൾ ആദരം അർപ്പിച്ച പിന്നാലെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.