ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം; കേരളത്തിൽ മൂന്നു ദിവസം വ്യാപക മഴയ്ക്ക് സാധ്യത

single-img
20 October 2022

കോഴിക്കോട്: ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലികാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.

വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളിലാണ് ന്യൂനമര്‍ദ്ദം. ഇത് വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ ഒക്ടോബര്‍ 22ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായും, തുടര്‍ന്ന് 48 മണിക്കൂറില്‍ ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്.

അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇവയുടെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 22 വരെ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.

ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 21ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും, 22ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.