അബിഗേല്‍ തിരിച്ചെത്തിയിട്ടും കുറ്റവാളികൾ സ്വതന്ത്രർ

single-img
28 November 2023

കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ ഇതുവരെയും പിടികൂടാൻ സാധിക്കാതെ പൊലീസ്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30ന് ആയിരുന്നു സഹോദരനൊപ്പം ട്യൂഷന് പോയ അബിഗേല്‍ സാറാ റെജിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.

അവസാനം 21 മണിക്കൂര്‍ നീണ്ട വ്യാപക അന്വേഷണത്തിന് ശേഷമാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തിയത്. ഈ സംഘം കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ തിരിച്ചറിഞ്ഞ എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥിനികളും ആശ്രാമം മൈതാനത്തുണ്ടായിരുന്ന പൊതുജനങ്ങളും ചേര്‍ന്ന് കുട്ടിയെ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

നിലവിൽ അവശതകളുണ്ടെങ്കിലും കുട്ടി സുരക്ഷിതയാണ്. കുട്ടിയെ തിരിച്ചുകിട്ടിയെങ്കിലും അവശേഷിക്കുന്ന സംശയങ്ങള്‍ക്ക് പൊലീസിനും ഉത്തരം കണ്ടെത്താനായിട്ടില്ല. 21 മണിക്കൂര്‍ നീണ്ട പൊലീസ് അന്വേഷണത്തില്‍ പ്രതികള്‍ ആരെന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ പ്രേരണ എന്താണെന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം ആവശ്യപ്പെട്ട മോചന ദ്രവ്യം 5 ലക്ഷം രൂപയും, പിന്നീടത് വര്‍ദ്ധിപ്പിച്ച് 10 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെട്ട നാലംഗ സംഘമാണ് കൃത്യത്തിന് പിന്നിലെന്ന് കുട്ടിയുടെ സഹോദരന്‍ ജോനാഥന്റെ മൊഴിയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. അതേ സമയം കുട്ടിയുടെ ബന്ധുക്കളുമായി പ്രതികള്‍ രണ്ടാം തവണ ബന്ധപ്പെട്ടപ്പോള്‍ ബോസ് പറയുന്നത് അനുസരിച്ച് കുട്ടിയെ കൈമാറാം എന്നാണ് അറിയിച്ചത്.

പത്ത് ലക്ഷം രൂപയ്ക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിന് ഒരു ബോസ് കൂടി ഉണ്ടെന്ന് പറഞ്ഞത് പൊലീസ് അന്വേഷണത്തെ വഴിതെറ്റിക്കാനാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.എന്നാല്‍ നാലംഗ സംഘം പത്ത് ലക്ഷം രൂപ മാത്രം ലക്ഷ്യം വച്ച് ഇത്തരത്തിലൊരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെടാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് പൊതുജനാഭിപ്രായം പോലും ഉയരുന്നത്. കൃത്യമായ ആസൂത്രണവും പൊലീസിനെ കബളിപ്പിക്കാന്‍ ശേഷിയുള്ള സാമര്‍ത്ഥ്യവും പ്രതികള്‍ക്കുണ്ടെന്ന് ഇതോടകം വ്യക്തമാണ്. ഇത്രയും ആസൂത്രണ പാടവമുള്ള ഒരു സംഘം പത്ത് ലക്ഷം രൂപ മാത്രം ആവശ്യപ്പെട്ടത് സംഭവത്തിന് കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നുണ്ട്.

പ്രതികള്‍ കൂടുതല്‍ തവണ കുട്ടിയുടെ ബന്ധുക്കളുടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കാതിരുന്നതും തുടക്കം മുതല്‍ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്നത് വരെ മാസ്‌ക് ഉപയോഗിക്കാന്‍ കാണിച്ച സാമര്‍ത്ഥ്യവും മാത്രമല്ല, കൃത്യത്തിന് ശേഷം ഒന്നിലേറെ വാഹനങ്ങള്‍ ഉപയോഗിച്ചതും സിസിടിവി ദൃശ്യങ്ങളില്‍ പെടാതിരിക്കാന്‍ മുന്‍കരുതലെടുത്തതും സംഭവത്തിന് പിന്നിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.