കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നിലച്ചു; കേരളം യുഡിഎഫ് തൂത്ത് വാരും: പി കെ കുഞ്ഞാലിക്കുട്ടി
ഉടൻ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്ത് വാരുമെന്നും മോദിയുടെ പ്രചാരണം വിലപ്പോകില്ലെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ നിലച്ചു. കേരളത്തിന്റെ അവകാശത്തിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കും. കേന്ദ്ര സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനായുള്ള നിർദേശങ്ങൾ പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞിട്ടുണ്ട്.
എന്നാൽ അത് മുഴുവൻ ഉൾകൊണ്ട് നടപ്പിലാക്കാൻ കേരള സർക്കാരിനും കഴിഞ്ഞിട്ടില്ല. ഇത് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തിൽ തങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ എൽഡിഎഫ് നടത്തുന്ന സമരപരിപാടിയിൽ പങ്കെടുക്കണമോയെന്ന കാര്യം യുഡിഎഫ് ആലോചിച്ച് പറയും.
വിഷയത്തിൽ നാളെ രാത്രി യുഡിഎഫ് ഓൺലൈൻ മീറ്റിംഗ് കഴിഞ്ഞ ശേഷം തീരുമാനം അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലോക്സഭാ സീറ്റ് വിഭജനം സമയമാകുമ്പോൾ ചർച്ച ചെയ്യും. പല സംസ്ഥാനങ്ങളിലും തടസ്സപ്പെട്ടു കിടന്നിരുന്ന സീറ്റ് ചർച്ച ഇൻഡ്യ മുന്നണി പുനരാരംഭിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയോട് കൂടി സീറ്റ് വിഭജനം പൂർത്തിയാക്കുന്ന ഒരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്ത്യ മുന്നണിക്ക് ഉളളത്. ഇന്ത്യ മുന്നണി ശക്തിപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.