ബലപ്രയോഗം വേണ്ടി വന്നാല്‍ അത് നിയമാനുസൃതം മാത്രമേ ചെയ്യാവൂ; പോലീസിന് നിർദ്ദേശങ്ങളുമായി ഡിജിപി
കേരളത്തിലെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. ജില്ലകളിലെ പോലീസ് മേധാവിമാരുടെയും റേഞ്ച് ഡി ഐ ജിമാരുടെയും സോണ്‍ ഐ ജിമാരുടെയും ഇന്ന് നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് അദ്ദേഹം നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് വേഗതയിൽ തന്നെ കൃത്യവും സമഗ്രവുമായ വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണമെന്ന് ഡിജിപി നിര്‍ദ്ദേശിച്ചു.
അതേപോലെ തന്നെ പോലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ കൃത്യമായി വിലയിരുത്തണം. കേസുകളും കുറ്റകൃത്യങ്ങളും മറ്റുമായി ബന്ധപ്പെട്ട് വ്യക്തികളെ പൊലീസ് സ്റ്റേഷനുകളില്‍ കൊണ്ടുവരുമ്പോള്‍ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതിൽ വൈദ്യപരിശോധന ഉള്‍പ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കുമായിരിക്കും.
ഇതുപോലെയുള്ള കേസുകളില്‍ സംസ്ഥാന പോലീസ് ആക്ടില്‍ വ്യക്തമാക്കിയ എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടു.നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളില്‍ അല്ലാതെ ഒരു കാരണവശാലും ബലപ്രയോഗം പാടില്ലെന്നും ഡിജിപി കര്‍ശനനിര്‍ദേശം നല്‍കി. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ബലപ്രയോഗം വേണ്ടി വന്നാല്‍ അത് നിയമാനുസൃതം മാത്രമേ ആകാവൂ. ജില്ലകളിലെ പൊലീസ് മേധാവിമാര്‍ അവരുടെ കീഴിൽ വരുന്ന എല്ലാ സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തണമെന്നും ഡിജിപി നിര്‍ദേശിച്ചു.