ധോണിയെ ദൈവതുല്യനായാണ് ആരാധകര്‍ കാണുന്നത്; ചെന്നൈയില്‍ ക്ഷേത്രങ്ങള്‍ ഉയരും: അമ്പാട്ടി റായുഡു
മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ പേരില്‍ ചെന്നൈയില്‍ ക്ഷേത്രങ്ങള്‍ ഉയരുമെന്ന് മുന്‍ താരം അമ്പാട്ടി റായുഡു. ഐ പിഎല്ലിൽ സിഎസ്‌കെയ്ക്ക് വേണ്ടി അത്യുജ്ജ്വല സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ധോണിയെ ദൈവതുല്യനായാണ് ആരാധകര്‍ കാണുന്നതെന്നും അദ്ദേഹത്തിന്റെ സുഹൃത്തും മുന്‍ സഹതാരവും കൂടിയായിരുന്ന അമ്പാട്ടി റായുഡു പറഞ്ഞു.
ചെപ്പോക്കില്‍ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ധോണി ചെന്നൈയുടെ ദൈവമാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ ധോണിയുടെ പേരില്‍ ക്ഷേത്രങ്ങള്‍ ഉയരുമെന്നുള്ളത് ഉറപ്പാണ്’, അമ്പാട്ടി റായുഡു പറയുന്നു.
‘ഇന്ത്യയിലേക്ക് രണ്ട് ലോകകപ്പുകളുടെ സന്തോഷം കൊണ്ടുവന്ന താരമാണ് എം എസ് ധോണി. കൂടാതെ ചെന്നൈയ്ക്ക് വേണ്ടി ഐപിഎല്‍ കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നേടിയിട്ടുമുണ്ട്. രാജ്യത്തിനും ചെന്നൈ സൂപ്പര്‍ കിങ്സിനും വേണ്ടി തന്റെ സഹതാരങ്ങളില്‍ എപ്പോഴും വിശ്വാസം പ്രകടിപ്പിച്ചിട്ടുള്ള ഒരാളാണ് ധോണി’, റായുഡു പറയുന്നു .
‘ധോണി ഒരു ഇതിഹാസമാണ്. വലിയ ജനതയാല്‍ ആഘോഷിക്കപ്പെടുന്ന താരം. ചെന്നൈയില്‍ ഇത് അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ കരുതുന്നുണ്ടാവും’, റായുഡു കൂട്ടിച്ചേര്‍ത്തു.