പ്രായമായി; ഇത് കരിയറിലെ അവസാന നാളുകളെന്ന് ധോണി

single-img
22 April 2023

ഐ പി എല്ലിൽ നിന്നും അടുത്തുത്തത്തെ വിരമിക്കല്‍ സൂചന നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി. ഇത് ഒരുപക്ഷെ അദ്ദേഹത്തിന്റെ അവസാന ഐപിഎല്‍ ആകുമെന്ന് വിലയിരുത്തുമ്പോഴും സഹതാരങ്ങളും ആരാധകരുമെല്ലാം ധോണി അടുത്ത സീസണിലും ചെന്നൈക്കായി കളിക്കുമെന്ന് വിശ്വസിക്കുന്നവരാണ്.

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയശേഷം തനിക്ക് ഇപ്പോൾ പ്രായമായെന്നും ഇത് തന്റെ കരിയറിലെ അവസാന നിമിഷങ്ങളാണെന്നും പറഞ്ഞായിരുന്നു ധോണി വിരമിക്കല്‍ സൂചന നല്‍കിയത്.

മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ മത്സരത്തില്‍ ധോണിയെടുത്ത ഒരു ക്യാച്ചിനെക്കുറിച്ച് ഹര്‍ഷ ഭോഗ്ലെ ചോദിച്ചപ്പോഴായിരുന്നു ധോണി ഇത് ഒരുപക്ഷെ തന്റെ അവസാന ഐപിഎല്‍ ആയിരിക്കുമെന്ന് സൂചിപ്പിച്ചത്. ഹൈദരാബാദ് നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞത് പരിചയസമ്പത്ത് കൊണ്ട് മാത്രമാണെന്നും അവിടെ കഴിവിനല്ല പ്രധാന്യമെന്നും ധോണി പറഞ്ഞു.

നേരത്തേ രാഹുല്‍ ദ്രാവിഡ് ദേശീയ ടീമിന്റെ കീപ്പറായിരുന്നപ്പോഴും ഇത്തരത്തിലൊരു ക്യാച്ചെടുത്തിട്ടുണ്ട്. ഗ്ലൗസ് കൈയിലുള്ളത് കൊണ്ട് ആ ക്യാച്ച് എടുക്കുന്നത് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് എളുപ്പമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ നമ്മള്‍ ശരിയായ പൊസിഷനില്‍ അല്ലെങ്കില്‍ ആ ക്യാച്ച് എടുക്കാനാവില്ല. അവിടെ കഴിവല്ല, പരിചയസമ്പത്താണ് കാര്യം. പ്രായമായി കഴിയുമ്പോള്‍ കഴിവുകൊണ്ട് മാത്രം കാര്യമില്ല. അല്ലെങ്കില്‍ നമ്മള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആവണമെന്നും ധോണി പറഞ്ഞു.