തന്റെ രോഗാവസ്ഥ കണ്ടെത്തിയത് 41-ാം വയസ്സിൽ; തുറന്ന്‌ പറഞ്ഞ് ഫഹദ് ഫാസിൽ

single-img
27 May 2024

ഇന്ന് മലയാളസിനിമയിൽ മാത്രമല്ല മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിൽ എല്ലാം തൻറെ അഭിനയം കൊണ്ട് കയ്യടി നേടുകയാണ് ഫഹദ് ഫാസിൽ. ഇപ്പോഴിതാ തനിക്ക് എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ . 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ.

നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

ലക്ഷണങ്ങൾ

അല്പംപോലും ഏകാഗ്രതയില്ലാത്ത തരത്തിലുള്ള ശ്രദ്ധക്കുറവ്, തുടർച്ചയായതും അലക്ഷ്യസ്വഭാവമുള്ളതുമായ ചലനങ്ങൾ, പൊടുന്നനെ സംസാരിക്കാനും എടുത്തുചാടി കാര്യങ്ങൾ ചെയ്യാനുമുള്ള അക്ഷമനിറഞ്ഞ പ്രവണത എന്നിവയാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണങ്ങൾ. ഇലക്ട്രിക്‌സ്വിച്ചുകളിലും ഉപകരണങ്ങളിലും നടത്തുന്ന പരീക്ഷണങ്ങൾ, ഉയരത്തിൽ നിന്ന് താഴേക്ക് ചാടൽ, അതിവേഗത്തിൽ മരംകയറൽ തുടങ്ങിയ ഇവരുടെ ചില പ്രവൃത്തികൾ ചിലപ്പോഴെങ്കിലും അപകടങ്ങളിൽ കലാശിക്കുകയും ജീവൻതന്നെ നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയേ്തക്കാം.

മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോൾ തോൽവി അംഗീകരിക്കാൻ മടി, പൊടുന്നനെ ക്ഷോഭിക്കുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നസ്ഥിതി എന്നിവയും കാണാറുണ്ട്. ആവശ്യപ്പെടുന്നതെന്തും ഉടനടി സാധിച്ചുകൊടുക്കാത്ത പക്ഷം അക്രമം കാണിക്കാനുള്ള പ്രവണതയുണ്ടാകും.ക്യൂ നിൽക്കുക,ക്ഷമയോടെ ഒരു കാര്യത്തിനായി കാത്തിരിക്കുക തുടങ്ങിയവ ഇത്തരക്കാർക്ക് ഏറെ പ്രയാസമാണ്.

ചില കുട്ടികളിൽ മേല്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം നിരന്തരമായ കളവ് പറച്ചിൽ, മോഷണം, ക്ലാസ്സിൽ പോകാതിരിക്കുക, മൃഗങ്ങളെയും മറ്റും അകാരണമായി ഉപദ്രവിക്കുക, വീട് വിട്ട് ഓടിപ്പോകുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. ഈ അവസ്ഥയെ ഹൈപ്പർ കൈനറ്റിക് കോൺഡക്ട് ഡിസോർഡർഎന്ന പേരിലാണ് വിശേഷിപ്പിക്കാറുള്ളത്.