പാണ്ഡവർ അവരുടെ സഹോദരിയെ ചുംബിച്ചോ? രാഹുൽ ഗാന്ധി സഹോദരിയെ ചുംബിച്ചതിനെതിരെ യുപി മന്ത്രി
രാഹുൽ ഗാന്ധി തന്റെ സഹോദരി പ്രിയങ്കാ ഗാന്ധി വാദ്രയോടുള്ള വാത്സല്യം പ്രകടിപ്പിക്കുന്നതിനെ ചോദ്യം ചെയ്ത് ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗ്. ഇത് നമ്മുടെ സംസ്കാരമല്ല, ഇന്ത്യൻ സംസ്കാരം ഇത്തരം കാര്യങ്ങൾക്ക് അനുമതി നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു.
രാഹുൽ ഗാന്ധി ആർഎസ്‌എസിനെ കൗരവർ എന്ന് വിളിക്കുന്നുവെങ്കിൽ അതിനർത്ഥം അദ്ദേഹം പാണ്ഡവനാണെന്നാണോ? താൻ പാണ്ഡവനായാണ് കാണുന്നതെങ്കിൽ, 50-ാം വയസ്സിൽ രാഹുൽ ഗാന്ധി ചെയ്തതുപോലെ ഒരു പൊതുയോഗത്തിൽ പാണ്ഡവർ അവരുടെ സഹോദരിയെ ചുംബിച്ചോ? സിംഗ് ചോദിച്ചു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ റായ്ബറേലിയിൽ നിന്ന് മത്സരിച്ച് പരാജയപ്പെട്ട സിംഗ്, 2024ൽ സോണിയ ഗാന്ധി തോൽക്കുമെന്നും റായ്ബറേലിയിൽ നിന്ന് പുറത്തുപോകുന്ന അവസാന വിദേശിയായിരിക്കുമെന്നും പ്രവചിച്ച ആൾ ആയിരുന്നു.
“റായ്ബറേലി സന്ദർശിക്കുമ്പോൾ, സോണിയ ഗാന്ധി തനിക്ക് സുഖമല്ലെന്ന് എപ്പോഴും പറയാറുണ്ട്, പക്ഷേ അവർ തന്റെ മകൻ രാഹുൽ ഗാന്ധിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഭാരത് ജോഡോ യാത്രയിൽ അദ്ദേഹത്തോടൊപ്പം നടക്കുന്നത് കാണാം. സോണിയാ ഗാന്ധിക്ക് താനൊരു വിദേശിയല്ലെന്ന് പറയാമോ? സോണിയ ഗാന്ധി വിദേശിയല്ലെന്ന് കോൺഗ്രസിൽ നിന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? വിദേശിയായതിനാൽ അവർക്ക് പ്രധാനമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടു. ബ്രിട്ടീഷുകാരെ തുരത്താനും സ്വാതന്ത്ര്യം നേടാനും നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഒരു വിദേശിയെയും ഇന്ത്യക്കാർ ഭരണാധികാരിയായി അംഗീകരിക്കില്ല,” സിംഗ് പറഞ്ഞു.