പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കാൻ ബിജെപി സ്വീകരിച്ചിരിക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം: തൃണമൂൽ എംപി
പശ്ചിമ ബംഗാള്‍ പിടിക്കാനായി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവും അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ ചീഫ് വിപ്പുമായ സുഖേന്ദു ശേഖര്‍ റോയ്.
‘ ബംഗാളിലെ പിടിച്ചെടുക്കാൻ കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രണ്ട് നയമാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യം ബംഗാളിനെ വിഭജിക്കുക പിന്നീട് സാമ്പത്തിക തടസങ്ങള്‍ സൃഷ്ടിക്കുക. പക്ഷെ ബംഗാളിലെ ജനങ്ങള്‍ കേന്ദ്രത്തിന്റെ ഈ ദുഷിച്ച പദ്ധതികളെ പരാജയപ്പെടുത്തും.
നേരത്തെ 1905-10 മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയും നമ്മള്‍ ഇങ്ങനെ പോരാടിയിരുന്നു. അതിന്റെ ഫലമായി കൊളോണിയല്‍ ഭരണാധികാരികള്‍ക്ക് ബംഗാള്‍ വിഭജന തീരുമാനം പിന്‍വലിക്കേണ്ടി വന്നു’ അദ്ദേഹം പറഞ്ഞു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം, ബംഗാള്‍ പിടിച്ചെടുക്കാന്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ രണ്ട് തന്ത്രങ്ങളാണ് സ്വീകരിച്ചത്. ബംഗാളിനെ വിഭജിച്ച് ഒരു പുതിയ കേന്ദ്രഭരണ പ്രദേശം സൃഷ്ടിക്കുക, പിഎംഎവൈ, പിഎസ് വൈ, എംഎന്‍ആര്‍ഇജിഎ തുടങ്ങിയ വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്രത്തിന്റെ വിഹിതം നിഷേധിച്ചുകൊണ്ട് ബംഗാളിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക എന്നിവയായിരുന്നു അത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഇതുവരെ ലഭിച്ച വിവരമനുസരിച്ച്, മണിപ്പൂരിലെ കുകിലാന്‍ഡ്, തമിഴ്നാട്ടിലെ കൊങ്കു നാട്, കര്‍ണാടകയിലെ തുളുനാട്, അവധ് പ്രദേശ്- പൂര്‍വാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, ഉത്തര്‍പ്രദേശിലെ പശ്ചിമാഞ്ചല്‍ അല്ലെങ്കില്‍ ഹരിത് പ്രദേശ്, യുപിയിലെ ആഗ്ര-അലിഗഢ് ഡിവിഷനും രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഭരത്പൂര്‍, ഗ്വാളിയോര്‍ എന്നിവ ഉള്‍പ്പെടുന്ന ബ്രജ് പ്രദേശ് എന്നിങ്ങനെ 20-ലധികം പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഗുജറാത്തിലെ സൗരാഷ്ട്ര, ബോഡോലാന്‍ഡ്, അസമിലെ കര്‍ബി ആംഗ്ലോങ്, ബിഹാര്‍-ജാര്‍ഖണ്ഡ് പ്രദേശങ്ങളിലെ മിഥിലാഞ്ചല്‍, കിഴക്കന്‍ യുപിയിലെ ഭോജ്പൂര്‍, ബീഹാറും ഛത്തീസ്ഗഢും അസം-നാഗാലാന്‍ഡ് മേഖലയിലെ ഡിമാലാന്‍ഡ്, കര്‍ണാടകയിലെ കൂര്‍ഗ്, മണിപ്പൂരിലെ കുകിലാന്‍ഡ്, പടിഞ്ഞാറന്‍ ഇന്ത്യയിലെ അറബിക്കടലിനോട് ചേര്‍ന്നുള്ള കൊങ്കണ്‍, മേഘാലയയിലെ ഗാരോലാന്‍ഡ് തുടങ്ങിവ പുതിയ സംസ്ഥാനങ്ങളായി സൃഷ്ടിക്കുക എന്നിവയും ദീര്‍ഘകാല ആവശ്യങ്ങളായി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍ തുടരുന്നുണ്ട്.
‘ഗുജറാത്ത്, എംപി, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, അസം, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള ആവശ്യങ്ങളില്‍ കേന്ദ്രം മൗനത്തിലാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ബംഗാളിനും ബിഹാറിനും എതിരെ അവര്‍ ഗൂഢാലോചന നടത്തുന്നു’അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നീക്കം ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം എന്നതില്‍ അധിഷ്ഠിതമായ ഒരുമയെ ശിഥിലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.’ജനങ്ങളെ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യുന്നതിനായി രാജ്യത്തെ ചെറിയ സംസ്ഥാനങ്ങളാക്കി, അവരുടെ സാമ്പത്തിക പദ്ധതികള്‍ അടിച്ചേല്‍പ്പിക്കണമെന്നാഗ്രഹിക്കുന്ന മുതലാളിമാരുടെ പിന്തുണയാണിതിന് പിന്നില്‍. എന്നിരുന്നാലും, രാജ്യത്തിനെതിരായ എല്ലാ ഗൂഢാലോചനകളും പരാജയപ്പെടുത്താന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളും,’ അദ്ദേഹം പറഞ്ഞു.