ദിവ്യ എസ് അയ്യർ ആശ്ലേഷിക്കുന്ന ചിത്രത്തിനെ വലിയ രീതിയിൽ ചർച്ചയാക്കേണ്ട കാര്യമില്ല: കെ രാധാകൃഷ്ണൻ

24 June 2024

ദിവ്യ എസ് അയ്യർ ഐ എ എസ് തന്നെ ആശ്ലേഷിക്കുന്ന ചിത്രത്തിനെ വലിയ രീതിയിൽ ചർച്ചയാക്കേണ്ട കാര്യമില്ലെന്ന് നിയുക്ത എംപി കെ രാധാകൃഷ്ണൻ. ‘സംസ്ഥാന നിയമസഭയിലും മറ്റും പ്രവർത്തിച്ച അനുഭവം ഉണ്ടെങ്കിലും ഞാനൊരു പുതിയ പാർലമെന്റ് അംഗമാണ്.
സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങൾ മുന്നിലെത്തിക്കാനാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. പ്രതിപക്ഷം തന്നെ വലിയ കരുത്തോട് കൂടിയാണ് സഭയിൽ ഇടപെടാൻ പോകുന്നത്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാനുള്ള എല്ലാ ഇടപെടലും നടത്തും’; കെ രാധാകൃഷ്ണൻ പറഞ്ഞു
അതേസമയം, സംസ്ഥാന മന്ത്രിസഭയിൽ നിന്നും മന്ത്രിസ്ഥാനം രാജിവെച്ചശേഷം കെ രാധാകൃഷ്ണനെ സന്ദര്‍ശിച്ച ദിവ്യ എസ് അയ്യര്‍ അദ്ദേഹത്തെ ആശ്ലേഷിക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രം വൈറലാകുകയും അനുകൂലമായും പ്രതികൂലമായും നിരവധി അഭിപ്രായങ്ങൾ വരികയും ചെയ്തിരുന്നു.