ഇക്കാലമത്രയും ദിവ്യ നിരന്തരം ഞങ്ങളുടെ നിരീക്ഷണത്തിലായിരുന്നു; വിശദീകരണവുമായി പോലീസ്

single-img
29 October 2024

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്ത ശേഷമുള്ള നടപടി ക്രമങ്ങള്‍ വിശദീകരിച്ച് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് കുമാര്‍. ഇക്കാലമത്രയും ദിവ്യ നിരന്തരം തങ്ങളുടെ നിരീക്ഷണത്തിലായിരുന്നെന്ന് കമ്മിഷര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദിവ്യ കണ്ണൂരില്‍ തന്നെയുണ്ടായിരുന്നോ എന്നത് ഉൾപ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ മറുപടി മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ലെന്ന് കമ്മിഷണര്‍ അറിയിച്ചു . ദിവ്യയെ എവിടെ വച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അത് വെളിപ്പെടുത്തിയാല്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അങ്ങോട്ട് പോകുന്ന സാഹചര്യമുണ്ടാകുമെന്നും അത് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ദിവ്യ കീഴടങ്ങാനെത്തിയപ്പോള്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യയുമായി ബന്ധപ്പെട്ടത് വളരെ പ്രാധാന്യമുള്ള കേസാണെന്നും അതിനാല്‍ തന്നെ പല കാര്യങ്ങളും ഇപ്പോള്‍ തനിക്ക് പുറത്തുപറയാന്‍ സാധിക്കില്ലെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഉള്‍പ്പെടെ കോടതിയുടെ പരിഗണനയിലായിരുന്നതുകൊണ്ടുള്ള കാലതാമസമാണ് കസ്റ്റഡിയെടുക്കുന്നതിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, പൊലീസ് മെല്ലെപ്പോക്ക് സമീപനം സ്വീകരിച്ചോ എന്ന ചോദ്യത്തിന് കോടതി പ്രോസിക്യൂഷനെ അഭിനന്ദിച്ചിട്ടുണ്ടല്ലോ കോടതി ഉത്തരവ് ശരിക്ക് വായിച്ചുനോക്കൂ എന്നായിരുന്നു കമ്മിഷണറുടെ മറുപടി. തങ്ങളുടെ ശക്തമായ റിപ്പോര്‍ട്ട് കൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതെന്നും കമ്മിഷണര്‍ പറഞ്ഞു.