കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുമെന്ന് വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും: ഡികെ ശിവകുമാർ

single-img
16 May 2023

കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വത്തിനിടെ സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുമെന്ന് പ്രചാരണം നടത്തുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി ഡികെ ശിവകുമാർ. ഈ രീതിയിൽ വാർത്തകൾ നൽകിയ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നേതാക്കളുമായി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയപ്പോഴാണ് ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചത്. “ഞങ്ങൾക്ക് എല്ലാ കോൺഗ്രസ് നേതാക്കളെയും കാണേണ്ടതുണ്ട്. ആദ്യം കോൺഗ്രസ് അധ്യക്ഷനെ കാണണം. ഞാൻ രാജിവെക്കുമെന്ന് ചിലർ റിപ്പോർട്ട് ചെയ്യുന്നു. ഞാൻ സ്ഥാനമൊഴിയുമെന്ന് ഏതെങ്കിലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്താൽ അവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും. പാർട്ടി എന്റെ അമ്മയാണ്. ഞങ്ങളാണ് ഈ പാർട്ടി കെട്ടിപ്പടുത്തത്, ഡികെ ശിവകുമാർ പറഞ്ഞു.

ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് ഡികെ റിപ്പോർട്ട്. ഇരുനേതാക്കളുടെയും അഭിപ്രായം കേട്ട ശേഷമേ തീരുമാനം അറിയിക്കൂ എന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഉൾപ്പെടെ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടന്ന ചർച്ചയ്ക്കു ശേഷമേ തീരുമാനമാകൂ എന്നാണ് അറിയുന്നത്.

സോണിയാ ഗാന്ധിയുടെ വീട്ടിൽ രാഹുൽ ഗാന്ധി കെസി വേണു ഗോപാലുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കെസി വേണുഗോപാൽ നേരത്തെ ഡികെയുമായി സംസാരിച്ചിരുന്നു ഇതിന് പിന്നാലെയാണ് കെസി സോണിയാ ഗാന്ധിയുടെ വീട്ടിലെത്തിയത്. വേണുഗോപാൽ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി.