തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ നീക്കം ശക്തമാക്കി ഡിഎംകെ
ചെന്നൈ: തമിഴ്നാട്ടില്‍ ഗവര്‍ണര്‍ക്കെതിരെ നീക്കം ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ. ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ ബിജെപി ഇതര പാര്‍ട്ടികള്‍ സംയുക്തമായി നിവേദനം നല്‍കും.
ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനാണ് നിവേദനം നല്‍കുക. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെ നീക്കത്തെ കോണ്‍ഗ്രസും സിപിഎമ്മും പിന്തുണയ്ക്കും. കേരളത്തില്‍ ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കൂട്ടായി നിവേദനം നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംകെ ട്രഷററും എംപിയുമായ ടി.ആര്‍.ബാലു ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് കത്തെഴുതി. നീക്കവുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ബിജെപി ഭരണേതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ജനാധിപത്യ വിരുദ്ധ ഇടപെടലുകള്‍ക്കെതിരെ ഒന്നിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേരത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.
കേരള ഗവര്‍ണറുടെ സമാന മനോഭാവത്തിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും അവിടെയും ഒന്നിച്ചുനില്‍ക്കുമെന്നാണ് ഡിഎംകെ പ്രതീക്ഷിക്കുന്നതെന്നും ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു.
ഇന്നലെ ചെന്നൈയില്‍ എത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും ഡിഎംകെ നേതൃത്വം ഇക്കാര്യം കൂടിയാലോചിച്ചു. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയം കേന്ദ്രീകരിച്ച് ഐക്യനീക്കത്തിനുള്ള ആസൂത്രണം പുരോഗമിക്കുകയാണ്. എംഡിഎംകെ നേതാവ് വൈക്കോയും ഇക്കാര്യത്തിലുള്ള പിന്തുണ അറിയിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരായ തുറന്ന സമരത്തിന് പിന്തുണയ്ക്കുന്നതിന് ഒപ്പം ദേശീയ പ്രതിപക്ഷ നിരയിലെ നേതൃപരമായ ഇടപെടലും ഡിഎംകെ ഉന്നമിടുന്ന രാഷ്ട്രീയലക്ഷ്യങ്ങളാണ്.