മാർച്ച് ഒന്നിന് പിറക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, വിവിധ ക്ഷേമ പദ്ധതികൾ; സ്റ്റാലിന്റെ 70-ാം ജന്മദിനം ആഘോഷമാക്കാൻ ഡിഎംകെ

single-img
26 February 2023

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സപ്തതി ആഘോഷിക്കാൻ വലിയരീതിയിലുള്ള ഒരുക്കങ്ങളുമായി ഡി.എം.കെ. സ്റ്റാലിന്റെ 70-ാം പിറന്നാൾദിനമായ മാർച്ച് ഒന്നിന് പിറക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം, വിവിധ ക്ഷേമ പദ്ധതികൾ തുടങ്ങിയവയെല്ലാം പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയിലുള്ള വൈ.എം.സി.എ ഗ്രൗണ്ടിൽ നടക്കുന്ന പിറന്നാൾ ആഘോഷ ചടങ്ങ് പ്രതിപക്ഷ ഐക്യവിളംബരം കൂടിയാകും. കോൺഗ്രസ് ദേശീയ അധ്യക്ഷനായ മല്ലികാർജുൻ ഖാർഗെ, ജമ്മു കശ്മിർ നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ് തുടങ്ങിയവരെല്ലാം പരിപാടിയിൽ പങ്കെടുക്കുമെന്നാണ് വിവരം .

പാർട്ടിയുടെ ആയിരക്കണക്കിനു പ്രവർത്തകർ പങ്കെടുക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ, ട്രഷറൽ ടി.ആർ ബാലു എന്നിവർ നേതാവിന് പ്രത്യേക അനുമോദനങ്ങൾ അർപ്പിക്കും. മാർച്ച് ഒന്നിന് ചെന്നൈയിൽ സ്റ്റാലിൻ ഫോട്ടോ പ്രദർശനം മക്കൾ നീതി മയ്യം തലവനും നടനുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും. അന്നേദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ മോതിരം, കർഷകർക്ക് വൃക്ഷത്തൈ, രക്തദാന ക്യാംപുകൾ, വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകങ്ങൾ, സമൂഹസദ്യ, മധുരവിതരണം, നേത്രപരിശോധന അടക്കം സംസ്ഥാനവ്യാപകമായി വൻ ക്ഷേമപരിപാടികളും ഡി.എം.കെ പ്രഖ്യാപിച്ചിട്ടുണ്ട്.