ഹിന്ദി നിര്‍ബന്ധമാക്കി മറ്റൊരു ഭാഷ യുദ്ധത്തിന് വഴിയൊരുക്കരുത്; തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍
ചെന്നൈ: തൊഴിലിനും വിദ്യാഭ്യാസത്തിനും ഉള്‍പ്പെടെ ഹിന്ദി നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
ഹിന്ദി നിര്‍ബന്ധമാക്കി മറ്റൊരു ഭാഷ യുദ്ധത്തിന് വഴിയൊരുക്കരുത്. കേന്ദ്രത്തിന്റെ നീക്കം ഭരണഘടന വിരുദ്ധമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഔദ്യോഗിക ഭാഷ പാര്‍ലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രവിണ്യം നിര്‍ബന്ധമാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് രാഷ്ട്രപതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഐഐടി, ഐഐഎം തുടങ്ങി കേന്ദ്രത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അധ്യയന ഭാഷയാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കുകയും രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തിപ്പിടിക്കുകയും വേണമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദി അറിയാത്തവരെ രണ്ടാംകിട പൗരന്മാരായി കാണുന്ന രീതി ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.