ഞാൻ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്ന് ശോഭയ്ക്കും കെ സുധാകരനുമാണോ അറിയാവുന്നത് : പ്രകാശ്ജാവഡേക്കര്‍

single-img
26 April 2024

സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാനത്തെ ഇടതുമുന്നണി കണ്‍വീനറുമായ ഇപി ജയരാജന്‍ ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് താനുമായി ചര്‍ച്ചകള്‍ നടത്തിയെന്ന ആലപ്പുഴ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവഡേക്കര്‍.

കേരളത്തിൽ നിന്നും താന്‍ ആരുമായൊക്കെ കൂടിക്കാഴ്ച നടത്തിയെന്നു ശോഭയ്ക്കും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമാണോ അറിയാവുന്നതെന്നു ചോദിച്ച ജാവഡേക്കര്‍ ഇപി ജയരാജനുമായി ചർച്ച നടത്തിയെന്ന ആരോപണം നിഷേധിക്കുകയും ചെയ്തു. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ജാവഡേക്കറിന്റെ പ്രതികരണം.

” ഇപി ജയരാജനുമായി അദ്ദേഹത്തിന്റെ മണ്ഡലത്തിലോ, വിമാനത്താവളത്തിലോ പാര്‍ലമെന്റില്‍ വച്ചോ കണ്ടുമുട്ടിയിട്ടുണ്ടാകാം. ഓരോ ദിവസവും ധാരാളം വ്യക്തികളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നയാളാണ് താന്‍. കോണ്‍ഗ്രസ് എംപി ശശി തരൂരിനൊപ്പമോ, മറ്റു പാര്‍ട്ടികളിലെ നേതാക്കള്‍ക്കൊപ്പമോ ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാകാം. അതൊക്കെ ഒരു കുറ്റകൃത്യമാണോ? അതിലെന്താണ് തെറ്റ്?” ജാവഡേക്കര്‍ ചോദിച്ചു.

ബിജെപിയിൽ ചേരാനായി ജയരാജന്‍ മകന്റെ ഫ്ളാറ്റിൽവെച്ച് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി. ”സുധാകരന്‍ അദ്ദേഹത്തിന്റെ കാര്യം മാത്രം പറഞ്ഞാല്‍ മതി. മറ്റുള്ളവരുടെ കാര്യങ്ങളില്‍ എന്തിന് ഇടപെടുന്നു. കേരളത്തിലെ ബിജെപിയുടെ ചുമതലയുള്ള ഞാന്‍ ആരെയൊക്കെ സന്ദര്‍ശിച്ചുവെന്ന് സുധാകരനാണോ ബോധ്യമുള്ളത്,” ജാവഡേക്കര്‍ ചോദിച്ചു.