അമ്മയും നവജാത ശിശുവും മരിക്കാൻ കാരണം ചികിത്സാ പിഴവ്; തങ്കം ആശുപത്രിയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാൻ സാധ്യത

single-img
4 October 2022

കഴിഞ്ഞ ജൂലൈ മാസത്തിൽ പാലക്കാട് ജില്ലയിലെ തങ്കം ആശുപത്രിയിൽ ഉണ്ടായ ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് അമ്മയും നവജാത ശിശുവും മരിച്ച കേസിൽ പോലിസ് നടപടി. തത്തമംഗലം സ്വദേശിനിയായ ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് നടപടി.

നിലവിൽ പാലക്കാട് ടൗൺ സൗത്ത് പോലിസ് ആശുപത്രിയിലെ ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ മൊഴി എടുക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഡോക്ടർമാരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. ചികിത്സയിലിരിക്കെ അടുത്തടുത്ത ദിവസങ്ങളിലായിരുന്നു രണ്ട് മരണവും സംഭവിച്ചത്.

മരണങ്ങളെ തുടർന്ന് ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് കുടുംബം ആരോപിച്ചിരുന്നു. ഗർഭാവസ്ഥയിൽ 25 വയസുള്ള ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുവതിക്ക് പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പക്ഷെ പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭ‍ര്‍ത്താവ് ആരോപിച്ചിരുന്നു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവ്വം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്.