ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍

single-img
31 December 2022

ഡിവൈഡറില്‍ ഇടിച്ച ശേഷം കാറിന് തീപിടിച്ചുണ്ടായ വന്‍ അപകടത്തില്‍ നിന്ന് പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍.

തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരുക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരുക്കുണ്ട്.

ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് കാര്‍ അപകടം ഉണ്ടായത്. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിന്റെ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ത്താണ് പന്ത് കാറില്‍ നിന്ന് പുറത്തുകടന്നത്.

പൊലീസ് നല്‍കുന്ന വിവരം പ്രകാരം റിഷഭ് പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലിടിക്കുകയുമായിരുന്നു. അപകടം നടന്ന സമയത്ത് റഷഭ് പന്ത് മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളു. ആദ്യം റൂര്‍കിയിലെ സക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.