ഡോക്യുമെന്ററി നിരോധനം; കേന്ദ്ര സര്‍ക്കാരിന്റെ സ്വഭാവം എന്താണെന്നു പുറത്തുവന്നിരിക്കുകയാണ്: സീതാറാം യെച്ചൂരി
ഗുജറാത്ത് കലാപത്തില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കപ്പെടുന്ന ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ ഡോക്യുമെന്ററിക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു ഡോക്യുമെന്ററി നിരോധിക്കുന്നതിന് ‘അടിയന്തര’ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സ്വഭാവം എന്താണെന്നു പുറത്തുവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
2002ൽ നടന്ന കലാപത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ പങ്കിനെ കുറിച്ച് ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍ ഡോക്യുമെന്ററി കാണുന്നതില്‍ നിന്നും അഭിപ്രായം രൂപപ്പെടുത്തുന്നതില്‍ നിന്നും ജനങ്ങളെ വിലക്കുന്നതെന്തിനാണെന്ന് യെച്ചൂരി ചോദിച്ചു.
അതേസമയം, ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന് പേരുള്ള ബിബിസി ഡോക്യുമെന്ററി ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും കേരളത്തിൽ വ്യാപകമായി പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം ലോ കോളേജിലും കണ്ണൂര്‍ സര്‍വ്വകലാശാലയിലും കോഴിക്കോട് മുതലക്കുളത്തും പാലക്കാട് വിക്ടോറിയ കോളേജിലുമാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.