ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു പറഞ്ഞതിന് പിരിച്ചുവിട്ടെന്ന പരാതി; സതിയമ്മ ചെയ്തത് ഇല്ലാത്ത ജോലിയെന്ന രേഖകൾ പുറത്തുവിട്ട് സർക്കാർ
മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു നല്ലതായി പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന പരാതി വസ്തതുതാ വിരുദ്ധമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി . മറ്റൊരാളുടെ ജോലിയാണ് പിരിച്ചുവിടപ്പെട്ട സതിയമ്മ ചെയ്തുകൊണ്ടിരുന്നതെന്നും ഈ കാര്യത്തിൽ പരാതി വന്നപ്പോഴാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം വിഷയത്തിൽ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പും രംഗത്തെത്തി. കണ്ണൂർ പരിയാരം വെറ്ററിനറി പോളിക്ലിനികിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററിൽ പാർട്ട് ടൈം സ്വീപ്പർ താത്കാലിക ജോലി ഐശ്വര്യ കുടുംബശ്രീ വഴിയാണ് ചെയ്ത് വരുന്നത്. ആറ് മാസത്തെ വീതം കരാറാണിത്.
ഇപ്പോൾ ലിജിമോൾ എന്നയാളെയാണ് അവിടെ കുടുംബശ്രീ നിയമിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുൻപ് ഡപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ ലിജിമോളല്ല ജോലി ചെയ്യുന്നതെന്നും സതിയമ്മയാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തി. ഇതോടൊപ്പം ആള്‍മാറാട്ടം നടക്കുന്നതായി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഒരാഴ്ച മുമ്പ് പരാതി കിട്ടി. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്.
ശരിയായ ആള്‍ തന്നെ ജോലി ചെയ്യണമെന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശിച്ചത്. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ചതിനാണ് സതിയമ്മയെ പുറത്താക്കിയത് എന്നതിനെക്കുറിച്ച് അറിയില്ലെന്നും വാര്‍ത്ത വന്നപ്പോള്‍ അന്വേഷിച്ചറിഞ്ഞ കാര്യങ്ങളാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.