പ്രിയങ്കാ ഗാന്ധിക്ക് പകരം മോദിക്കെതിരെ മത്സരിക്കാൻ മമത ബാനർജിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിയുമായി ബിജെപി നേതാവ് അഗ്നിമിത്ര
അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസി സീറ്റിൽ മത്സരിക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് അഗ്നിമിത്ര പോൾ . പശ്ചിമ ബംഗാൾ ബിജെപി നേതാവാണ് ഇവർ . പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ നാലാമത്തെ യോഗത്തിൽ വാരണാസി പാർലമെൻ്റ് മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഇന്ത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വാദ്രയെ മമത ബാനർജി നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്നാണ് മമത ബാനർജിയെ വെല്ലുവിളിച്ച് പോൾ രംഗത്തെത്തിയത്
“വാരണാസിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്ക് പകരം മോദിക്കെതിരെ മത്സരിക്കാൻ മമത ബാനർജിക്ക് ധൈര്യമുണ്ടെങ്കിൽ അങ്ങനെ ചെയ്യണം. പ്രതിപക്ഷത്തിലെ സീറ്റ് വിഭജനത്തിന് മുമ്പ് വെല്ലുവിളി ഏറ്റെടുക്കണം.
നിങ്ങൾക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്നല്ലേ ആഗ്രഹം. നമ്മുടെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കെതിരെ മത്സരിക്കട്ടെ. എങ്ങനെയാകുമെന്ന് നോക്കാം. മമത ബാനർജിക്ക് ധൈര്യമുണ്ടോ എന്ന് ഇതിലൂടെ അറിയാം´´ വെള്ളിയാഴ്ച വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ പോൾ പറഞ്ഞു.