അമേഠിയിൽ എന്നോട് വീണ്ടും മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോ; വെല്ലുവിളിയുമായി സ്മൃതി ഇറാനി

single-img
19 October 2023

യുപിയിലെ അമേഠിയിൽ തന്നോട് വീണ്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കേന്ദ്ര സർക്കാരിനെതിരെ സഖ്യത്തിലുള്ള കോൺഗ്രസും സിപിഎമ്മും കേരളത്തിൽ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും അദാനിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചിരിച്ചു തള്ളേണ്ടതാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

കേരളത്തിലെ കരൂവന്നൂര്‍ ഉൾപ്പടെയുള്ള സഹകരണ ബാങ്ക് തട്ടിപ്പു കേസുകളിൽ ഇഡിയുടെ അന്വേഷണത്തെ പിന്തുണച്ച സ്മൃതി ഇറാനി അഴിമതിക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞു. അതേസമയം രാഹുൽ ഗാന്ധി അടുത്ത വർഷം വയനാട്ടിൽ തന്നെ മത്സരിക്കുമോ എന്ന് ഉറപ്പായിട്ടില്ല.

കോൺഗ്രസിൽ ആരെല്ലാം എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് സമിതിയാണെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇത് സംബന്ധിച്ച് പറഞ്ഞത്.