ആ വസ്ത്രത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെന്നോ ഉചിതമല്ലാത്തതാണെന്നോ കരുതുന്നില്ല: അമല പോൾ
തന്റെ പുതിയ സിനിമയായ ‘ലെവൽക്രോസിന്റെ’ പ്രൊമോഷനുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ എത്തിയ അമല പോളിനെതിരെ ശക്തമായ സൈബർ ആക്രമണം നടന്നിരുന്നു. ചടങ്ങിൽ എത്തിയപ്പോൾ അമല പോൾ ധരിച്ച വസ്ത്രത്തെ ബന്ധപ്പെടുത്തിയാണ് തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസ ഉൾപ്പെടെ അമല പോളിനെതിരെ രംഗത്തുവന്നിരുന്നത് .
ഇപ്പോൾ ഇതാ , സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമല പോൾ. താൻ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെന്നോ, ഉചിതമല്ലാത്തതാണെന്നോ തനിക്ക് തോന്നുന്നില്ലെന്നാണ് അമല പോൾ പറയുന്നത്.
അമലയുടെ വാക്കുകൾ : “ആ വസ്ത്രത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെന്നോ ഉചിതമല്ലാത്തതാണെന്നോ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ചിരിക്കുന്ന വിധം അനുചിതമായിരിക്കും. എങ്ങനെയാണ് വസ്ത്രം പ്രദർശിപ്പിക്കപ്പെട്ടത് എന്ന കാര്യം എന്റെ നിയന്ത്രണത്തില്ലല്ലോ. നിങ്ങൾ നിങ്ങളായിരിക്കുക എന്ന സന്ദേശമാണ് കോളേജിൽ പോകുമ്പോൾ എനിക്ക് നൽകാനുള്ളത്.”