മാധ്യമ പ്രവർത്തകർക്കെതിരായ ‘പട്ടി’ പരാമർശം ആപേക്ഷികം; ഒറ്റൊരു വാക്കിനെക്കുറിച്ച് തർക്കിക്കേണ്ടതില്ലെന്ന് സിപിഐഎം

single-img
26 October 2024

മാധ്യമ പ്രവർത്തകർക്കെതിരായി നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സിപിഎം നേതൃത്വം. കൃഷ്ണദാസിൻ്റേത് ഒറ്റപ്പെട്ട വാക്കാണെന്നും, ആ ഒറ്റൊരു വാക്കിനെക്കുറിച്ച് തർക്കിക്കേണ്ടതില്ലെന്നുമാണ് നേതൃത്വത്തിൻ്റെ അഭിപ്രായം.

ശക്തമായ വിമർശനത്തിന് നല്ല ഭാഷയാണ് ഉപയോഗിക്കേണ്ടത്. എല്ലാവരും നല്ല പദങ്ങൾ ഉപയോഗിക്കണമെന്നാണ് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞത്. പാലക്കാട്ടെ പ്രയോഗം ആപേക്ഷികമാണെന്നും സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമർശനത്തിന് അടിസ്ഥാനപരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് മാധ്യമ പ്രവർത്തകർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പദങ്ങളാണ് ഇത്. ഷുക്കൂർ വികാരത്തോടെ പറഞ്ഞ വിഷയം മാധ്യമങ്ങൾ മുതലെടുക്കുകയായിരുന്നു. ഇത് സിപിഎമ്മിലേക്കും ജില്ലാ സെക്രട്ടറിയിലേക്കും വഴിതിരിച്ചു വിടുകയായിരുന്നുവെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

അതേസമയം, കൃഷ്ണദാസിൻ്റേത് ഒറ്റപ്പെട്ട വാക്കാണെന്നും, മാധ്യമ പ്രവർത്തകരോട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നായിരുന്നു എ. വിജയരാഘവൻ്റെ പ്രതികരണം. മാധ്യമ പ്രവർത്തനം എന്ന് പറഞ്ഞാൽ സമൂഹത്തിലെ ജനാധിപത്യ പ്രവർത്തനമാണ്. ഇടതുപക്ഷ വിരുദ്ധമായ വിമർശനം ആവാമെന്നും അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ കാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായും തിരിച്ചുപറയും. സിപിഎമ്മിൻ്റെ നിലപാട് മാധ്യമ പ്രവർത്തകരോട് സ്നേഹവും സൗഹൃദവും വേണമെന്നതാണ്. ഒരു പദത്തെ മാത്രം അടർത്തിയെടുത്ത് വിശകലനം ചെയ്യരുത്. വിമർശനങ്ങൾക്കും അല്ലാതെയും നല്ല പദപ്രയോഗങ്ങൾ ഉപയോഗിക്കണമെന്നും എ. വിജയരാഘവൻ കൂട്ടിച്ചേർത്തു.