ദുഷ്പ്രചരണങ്ങൾ കണ്ട് രാഷ്ട്രീയത്തിൽ നിന്ന്‌ ഭയന്നോടുമെന്ന്‌ വ്യാമോഹിക്കണ്ട; പ്രതികരണവുമായി ആശാ നാഥ്‌

single-img
12 September 2023

ചാണ്ടി ഉമ്മന്‍ എം.എല്‍.എക്ക് ആര്‍.എസ്.എസ് ബന്ധം ഉള്ളതായി ആരോപിച്ചുകൊണ്ട് സിപി എം സംസ്ഥാന കമ്മിറ്റിയംഗം കെ.അനില്‍കുമാറിന്‍റെ ആരോപണത്തിനെതിരെ മറുപടിയുമായി ബി.ജെ.പി നേതാവും തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറുമായ ജി.എസ് ആശാനാഥ്. രംഗത്തെത്തി.

തന്നെ വ്യാജപ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കണ്ടെന്നും ഇതിലൊന്നും പേടിക്കുന്നയാളല്ല താനെന്നും ആശ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ആശാനാഥിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

നമസ്തേ…

തിരുവനന്തപുരം ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ ദേവലോകം ആധാര ശിലാസ്ഥാപന കർമ്മം എന്ന പൊതുപരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ സിപിഎം സൈബർ പ്രവർത്തകർ വളരെ മോശവും, നീചവുമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലെ വിവിധ സിപിഎം പേജുകളിലും, വാട്സാപ്പ് ഗ്രൂപ്പുകളിലും ചാണ്ടി ഉമ്മനോടൊപ്പം ഉള്ള ഫോട്ടോ വെച്ച് പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു.. ആദ്യം ഇതിനെ അവഗണിക്കാം എന്നാണ് വിചാരിച്ചത്, എന്നാൽ പലരും കാര്യം എന്താണെന്ന് വ്യക്തമാക്കണം എന്ന് പറയുന്നത് കൊണ്ടാണ്‌ ഈ പോസ്റ്റ്.

ഇത് കോണ്ഗ്രസ് പാർട്ടി നടത്തിയ പരിപാടി അല്ല..
ഒരു ജനപ്രതിനിധി എന്ന നിലയിൽ ക്ഷേത്രം കമ്മിറ്റി ക്ഷണിച്ചതിനെ തുടർന്നാണ് പങ്കെടുത്തത്.. ഒരു പൊതുപരിപാടിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലെയും, സാമൂഹിക നേതാക്കളും, ജനപ്രതിനിധികളുമൊക്കെ പങ്കെടുക്കുന്നത് സർവസാധാരണമാണ്..ഈ പരിപാടിയിൽ കോണ്ഗ്രസ് MLA ചാണ്ടി ഉമ്മൻ, MLA വിൻസെന്റ്, സിപിഎം ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, സിപിഎം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോജിൻ, ബിജെപി നേതാവ് ചെങ്കൽ രാജശേഖരൻ തുടങ്ങി നിരവധി പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ഉള്ളവർ പങ്കെടുത്ത പരിപാടി ആണ് അതിൽ നിന്നും ഒരു ഫോട്ടോ മാത്രം അടർത്തിയെടുത്ത് അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്..

പഴയ പോസ്റ്റുകൾ തിരഞ്ഞാൽ സിപിഎം എംഎൽഎ യോടൊപ്പമുള്ള പൊതുപരിപാടികളും കാണാം.അപ്പോഴും നിങ്ങൾ സിപിഎം ന് വോട്ട് മറിച്ചു നൽകിയെന്ന് പ്രചരിപ്പിക്കുവോ..? ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജപ്രചാരണം നടത്തുന്നത്..
ഇങ്ങനുള്ള ദുഷ്പ്രചരണങ്ങൾ കണ്ട് രാഷ്ട്രീയത്തിൽ നിന്ന്‌ ഭയന്നോടുമെന്ന്‌ വ്യാമോഹിക്കണ്ട ശക്തമായി തന്നെ മുന്നോട്ട് പോകുക തന്നെ ചെയ്യും..

ഇതുപോലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങൾ അന്തം കമ്മികളുടെ സ്ഥിരം ശൈലിയാണ്.. ഇത് അവർ ഇനിയും തുടരുമെന്നും അറിയാം വ്യാജപ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കണ്ട ഇതിലൊന്നും പേടിക്കുന്നയാളല്ല ഈ ഞാൻ