കേരളത്തില്‍ എല്‍ഡിഎഫിന് സീറ്റ് കിട്ടില്ലെന്ന പ്രവചനത്തില്‍ വിശ്വസിക്കരുത്: പിവി അൻവർ

single-img
3 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിമായി ബന്ധപ്പട്ട് പുറത്തുവന്നിട്ടുള്ള എക്സിറ്റ് പോള്‍ ഫലം നിരാശാജനകമാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. എക്സിറ്റ് പോള്‍ ഫലം ഫൗള്‍ പ്ലേയാണ്. അതില്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ കൈകടത്തലുണ്ട്. ബിജെപി അടി പതറുന്ന സ്ഥിതിയാണ്.

രാജ്യത്ത് നിലവിൽ എന്‍ഡിഎ പരാജയത്തിലേക്കാണ് പോകുന്നത്. ഈ സ്ഥിതി എക്സിറ്റ് പോളുകളുടെ ഫലത്തില്‍ പ്രതിഫലിച്ചാല്‍ യഥാര്‍ഥ ഫലം വരുന്ന ദിവസം വരെ കോര്‍പ്പറേറ്റുകളുടെ ഷെയര്‍ മാര്‍ക്കറ്റില്‍ വന്‍ ഇടിവ് സംഭവിക്കും. പ്രധാനമായും അംബാനി, അദാനിമാരുടെ കമ്പനികളുടെ ഷെയര്‍ മാര്‍ക്കറ്റില്‍ വന്‍ ഇടിവ് വരും. ബില്ല്യണ്‍സ് ഓഫ് ഡോളറിന്റെ നഷ്ടമാണ് ഇതുമൂലം സംഭവിക്കുക.

അതുകൊണ്ടുതന്നെ ഈ കമ്പനികളുടെ ഓഹരി വിപണി പിടിച്ചു നിര്‍ത്തുക എന്നത് അനിവാര്യമാണ്. ഇത്തരം എക്സിറ്റ് പോളുകളിലൂടെ മൂന്ന് ദിവസത്തെ നഷ്ടം പിടിച്ചു നിര്‍ത്താന്‍ സാധിക്കും. അതാണ് ഇത്തരത്തിലുള്ളൊരു എക്സിറ്റ് പോളിലൂടെ സംഭവിച്ചത്.

ആദ്യഘട്ടത്തിലുള്ള പ്രതീക്ഷ പീന്നീട് തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബിജെപിക്ക് നഷ്ടമായി. ജനങ്ങള്‍ സര്‍ക്കാറിനെതിരെ തിരിഞ്ഞു. എന്‍ഡിഎ പരാജയപ്പെടുമെന്ന സ്ഥിതിയായാല്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെതിരെ തിരിയുന്ന രാഷ്ട്രീയ സാഹചര്യം സംജാതമാകും. ബിജെപിയുടെ താല്‍പര്യ പ്രകാരം തയ്യാറാക്കിയ പല ഫയലുകളിലും ഉദ്യോഗസ്ഥര്‍ ഒപ്പിടാത്ത സ്ഥിതി വരും. ഈ അവസ്ഥയെ തടയിടാനാണ് ഇത്തരമൈാരു ഫല പ്രവചനം പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ രണ്ടാം തവണയും അധികാരത്തിലേറിയത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് വിരുദ്ധമായാണ്. കേരളത്തില്‍ എല്‍ഡിഎഫിന് സീറ്റ് കിട്ടില്ലെന്ന പ്രവചനത്തില്‍ വിശ്വസിക്കരുത്. ഈ എക്സിറ്റ് പോളില്‍ പ്രവര്‍ത്തകര്‍ നിരാശരാകരുത്. കേരളത്തില്‍ എല്‍ഡിഎഫിന്റെ സീറ്റ് പത്തില്‍ കുറയില്ല.

ഇതിലൊന്നും സഖാക്കള്‍ പതറില്ല. മറിച്ച് എക്സിറ്റ് പോള്‍ ഫലം അനുസരിച്ചാണ് യഥാഥര്‍ഥ ഫലമെങ്കില്‍ വോട്ടിങ്ങ് മെഷിന്‍ യന്ത്രങ്ങളെ അവിശ്വസിക്കേണ്ട സ്ഥിതിയാണെന്നും അന്‍വര്‍ ഫേസ്ബുക്ക് ലൈവിലൂടെ അഭിപ്രായപ്പെട്ടു.