മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നും നൽകരുത്; ശ്രീജിത്ത് പന്തളത്തിനെതിരെ കേസെടുത്തു

9 August 2024

വയനാട് ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കരുതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തു.
പന്തളം കുളനട സ്വദേശിയായ ശ്രീജിത്തിനെതിരെ പന്തളം പൊലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുതെന്നും അതില്‍ വ്യാപക അഴിമതി നടക്കുന്നുണ്ടെന്നും ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
അതേസമയം, ദുരന്തബാധിതരെ സഹായിക്കേണ്ടവര്‍ നേരിട്ട് സഹായം കൈമാറുകയോ സേവാഭാരതി ഉള്‍പ്പെടെയുള്ള സംഘടനകളെ സഹായം ഏല്‍പ്പിക്കുകയോ ചെയ്യണമെന്നായിരുന്നു പോസ്റ്റ്. ഈ പോസ്റ്റ് വൈറലായി ശ്രദ്ധ നേടിയതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത് .