പെണ്‍മക്കളെയും സഹോദരിമാരെയും മദ്യപാനികള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കരുത്: കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍
ആരുംതന്നെ സ്വന്തം പെണ്‍മക്കളെയും സഹോദരിമാരെയും മദ്യപാനികള്‍ക്ക് വിവാഹം കഴിച്ച് നല്‍കരുതെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍. ഒരു റിക്ഷാ വലിക്കുന്നയാളോ തൊഴിലാളിയോ ഒരു മദ്യപാനിയെക്കാള്‍ മികച്ച വരനാണെന്ന് തെളിയിക്കും. എന്നാൽ മദ്യപാനിയുടെ ആയുസ്സ് വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് ലംഭുവ നിയമസഭാ മണ്ഡലത്തില്‍ സംഘടിപ്പിച്ച ഒരു ഡീഅഡിക്ഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ മകനായ ആകാശ് കിഷോറിന് സുഹൃത്തുക്കളോടൊപ്പം മദ്യം കഴിക്കുന്ന ശീലമുണ്ടായിരുന്നു, അവനെ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അവന്‍ ആ ദുശ്ശീലം ഉപേക്ഷിക്കുമെന്ന് കരുതി. ആറ് മാസത്തിന് ശേഷം അവന്‍ വിവാഹിതനായി. എന്നാല്‍, വിവാഹത്തിന് ശേഷം വീണ്ടും മദ്യപിക്കാന്‍ തുടങ്ങി.
അത് ഒടുവില്‍ മരണത്തിലേക്ക് നയിച്ചു. രണ്ട് വര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ 19 ന് ആകാശ് മരിക്കുമ്പോള്‍ അവന്റെ മകന് രണ്ട് വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്,’ കേന്ദ്രമന്ത്രി പറഞ്ഞു. തന്റെ മരുമകള്‍ വിധവയായത് മദ്യം മൂലമാണെന്നും ഇതില്‍ നിന്ന് പെണ്‍മക്കളെയും സഹോദരിമാരെയും രക്ഷിക്കണമെന്നും കൗശല്‍ കിഷോര്‍ പറഞ്ഞു.
ഒരു എംപിയായ ഞാനും എംഎല്‍എയായ ഭാര്യയും ശ്രമിച്ചിട്ടും മകന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വന്നെന്നും ഒരു സാധാരണക്കാരന്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. ‘സ്വാതന്ത്ര്യ സമരത്തില്‍, 90 വര്‍ഷത്തിനിടെ 6.32 ലക്ഷം പേര്‍ ബ്രിട്ടീഷുകാരോട് പോരാടി ജീവന്‍ ബലിയര്‍പ്പിച്ചു, അതേസമയം മദ്യാസക്തി മൂലം ഓരോ വര്‍ഷവും 20 ലക്ഷം ആളുകള്‍ മരിക്കുന്നു. കാന്‍സര്‍ മൂലം ഉണ്ടാകുന്ന മരണങ്ങളില്‍ 80 ശതമാനവും പുകയില, സിഗരറ്റ്, ബീഡി എന്നിവ ശീലമാക്കുന്നത് കൊണ്ടാണെന്നും എംപി ചൂണ്ടിക്കാട്ടി.