കോൺഗ്രസിന് നൽകി വിലയേറിയ വോട്ടുകൾ പാഴാക്കരുത്; ആം ആദ്മിയെ വിജയിപ്പിക്കുക: കെജ്‌രിവാൾ
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് വോട്ട് നൽകി തങ്ങളുടെ വിലയേറിയ വോട്ടുകൾ പാഴാക്കരുതെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. സംസ്ഥാനത്തെ 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നാലഞ്ചു സീറ്റുകൾ മാത്രമേ ലഭിക്കൂ. അതുകൊണ്ടുതന്നെ കോൺഗ്രസിന് പകരം എഎപിക്ക് വോട്ട് ചെയ്യണമെന്നും കെജ്‌രിവാൾ അഭ്യർത്ഥിച്ചു.
‘സംസ്ഥാന നിയമസഭയിൽ ഇത്തവണ കോൺഗ്രസിന്റെ വോട്ട് വിഹിതം 13 ശതമാനത്തിൽ താഴെയാകുമെന്നും, 4-5 സീറ്റുകൾ ലഭിക്കുമെന്നുമാണ് എന്റെ കണക്കുകൂട്ടൽ. ആം ആദ്മിയും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നടക്കാനിരിക്കുന്നത് .
കോൺഗ്രസിന് വോട്ട് നൽകി ജനങ്ങൾ വെറുതെ വോട്ടുകൾ പാഴാക്കരുത്, പകരം നിങ്ങളുടെ കുട്ടികൾക്കും കുടുംബത്തിനും പ്രതീക്ഷ നൽകുന്ന എഎപിക്ക് വോട്ട് ചെയ്യണം’ – അഹമ്മദാബാദിൽ എത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ കെജ്‌രിവാൾ പറഞ്ഞു. ഇതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസ് പൂർണമായും തകരുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ആരും കോൺഗ്രസിന് വോട്ട് ചെയ്യാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.