രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാൻ ദൂരദർശൻ
ഒരു കാലഘട്ടത്തിൽ പ്രേക്ഷകരെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തിയ രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാൻ തയ്യാറടുക്കുകയാണ് ദൂരദർശൻ. സോഷ്യൽ മീഡിയയായ എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാനുള്ള തീരുമാനം ദൂരദർശൻ അറിയിച്ചിരിക്കുന്നത്. ശ്രീരാമനായി അരുൺ ഗോവിലും സീതയായി ദീപിക ചിഖ്ലിയയും ലക്ഷ്മണനായി സുനിൽ ലാഹിരിയുമാണ് അഭിനയിച്ചിരിക്കുന്നത്. ശ്രീ രാമനായി അഭിനയിച്ച അരുൺ ഗോവിൽ യുപിയിലെ മീററ്റിൽ ബിജെപി സ്ഥാനാർത്ഥിയാണ്.
അറിയിപ്പ് പ്രകാരം എല്ലാ ദിവസവും വൈകുന്നേരം ആറ് മണിക്കാണ് പരമ്പരയുടെ സംപ്രേക്ഷണം. ഉച്ചയ്ക്ക് 12 മണിക്ക് ഇത് പുന:സംപ്രേക്ഷണം ചെയ്യും. 1987 ലായിരുന്നു രാജ്യത്ത് ദൂരദർശനിൽ പരമ്പര ആദ്യമായി സംപ്രേഷണം ചെയ്തത്.
അതിനുശേഷം കോവിഡ് കാലത്തും, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ചും മുൻപ് സീരിയൽ പ്രദർശിപ്പിച്ചിരുന്നു. രാമാനന്ദ സാഗറിൻ്റെ നിർമ്മാണത്തിലുള്ള രാമായണം ടി വി സീരിയൽ രാമജന്മഭൂമി പ്രക്ഷോഭത്തിന് ഊർജ്ജം പകർന്നതായി വിമർശനമുണ്ട്.