ഡോ. ഹരിണി അമരസൂര്യ ശ്രീലങ്കന്‍ പ്രധാനമന്ത്രി
ശ്രീലങ്കയുടെ പതിനാറാമത് പ്രധാനമന്ത്രിയായി ഡോ. ഹരിണി അമരസൂര്യ ഇന്ന് ചുമതലയേറ്റു. എന്‍പിപി എംപിയായ ഹരിണി അധ്യാപികയും സാമൂഹികപ്രവര്‍ത്തകയുമാണ്. രാജ്യത്തെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഇവർ .
ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഇടതുപക്ഷത്തിന്റെ അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയായി ഹരിണി ചുമതലയേറ്റത്. അനുര കുമാര ദിസനായകെ പ്രസിഡന്റായപ്പോള്‍ ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. താൻ അഴിമതിക്കെതിരെ പോരാടുമെന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ കരകയറ്റുമെന്നും അനുര സത്യപ്രതിജ്ഞ ചെയ്ത് പറഞ്ഞിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമായ അന്‍പത് ശതമാനം വോട്ട് ലഭിച്ചിരുന്നില്ല. ദിസനായകെ ആദ്യഘട്ടത്തില്‍ 42.3 ശതമാനം വോട്ടും സജിത് പ്രേമദാസ 32.7 ശതമാനം വോട്ടുമാണ് നേടിയത്. സ്വതന്ത്രനായി മത്സരിച്ച റനില്‍ വിക്രമസിംഗെയ്ക്ക് 17.27 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഇതോടെ റനില്‍ പുറത്തായി. തുടര്‍ന്ന് ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെണ്ണല്‍ നടന്നു.