എനിക്ക് ഡോക്ടർ പണി വേണ്ട, രാജ്യം വിടുന്നു; ആക്രമണത്തിനിരയായ വനിതാ ഡോക്ടർ
രോഗിയുടെ ഭർത്താവിന്റെ ചവിട്ടേറ്റ വനിതാ ഡോക്റ്റർ പ്രൊഫഷൻ ഉപേക്ഷിക്കുന്നു. “ഈ പണി എനിക്ക് വേണ്ട. ന്യൂറോസർജനുമാകേണ്ട, ഡോക്ടർ പണിയും വേണ്ട. ഞാൻ രാജ്യം വിടുന്നു”! ഡോക്റ്റർ ഫേസ്‌ബുക്കിൽ കുറിച്ചു
മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന ഡോക്ടർ, തന്നെ സന്ദർശിക്കാനെത്തിയ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഉൾപ്പടെയുള്ളവരോടും ഇക്കാര്യം പറഞ്ഞിരുന്നു.
അതേസമയം മെഡിക്കൽ കോളജില്‍ വനിതാ ഡോക്ടറെ മർദിച്ചയാളെ രണ്ടു ദിവസം കഴിഞ്ഞിട്ടും പിടികൂടാത്തതിൽ പ്രതിഷേധിച്ച് പിജി വിദ്യാർഥികളായ ഡോക്ടർമാർ സൂചനാ പണിമുടക്കു നടത്തി. സമരത്തെ പിന്തുണച്ച് കെജിഎംസിടിഎയും ഐഎംഎയും രംഗത്തെത്തി.
സുൽഫിയുടെ പോസ്റ്റിന്റെ പൂർണരൂപം:
“ഈ പണി എനിക്ക് വേണ്ട. ന്യൂറോസർജനുമാകേണ്ട, ഡോക്ടർ പണിയും വേണ്ട. ഞാൻ രാജ്യം വിടുന്നു”!
കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടർ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു. അടിവയർ നോക്കി ഒത്ത ഒരാണൊരുത്തൻ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം. അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളിൽ ട്യൂമർ ബാധിച്ച രോഗി, ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷവും ജീവൻ രക്ഷിക്കാൻ രാപകലില്ലാതെ ന്യൂറോ സർജറി വിഭാഗത്തിലെ ഡോക്ടർമാർ കിണഞ്ഞ് ശ്രമിച്ചതിനു ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിർഭാഗ്യകരമായ കാര്യം ഐസിയുവിനു വെളിയിൽ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോൾ അടിവയർ നോക്കി ചാടി ഒരു ചവിട്ട്. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. അതും 24 മണിക്കൂറും പ്രവർത്തിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി ഐസിയുവിൽ,സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ. എന്തിന് ആശുപത്രി നിറയെ പറന്നു നടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടർ.