പങ്കാളി പിണങ്ങിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുടെ ആത്മഹത്യാശ്രമ നാടകം; വട്ടം ചുറ്റി പോലീസ്
തിരുവനന്തപുരം: പങ്കാളി പിണങ്ങിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ യുവതിയുടെ ആത്മഹത്യാശ്രമ നാടകം.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് കരമന മേലാറന്നൂരില്‍ പങ്കാളിക്കൊപ്പം ഒന്നിച്ച കഴിയുന്ന യുവതി ഇന്‍സ്റ്റഗ്രാം ലൈവിലെത്തി ആത്മഹത്യാ നാടകം അവതരിപ്പിച്ചത്. തമാശയ്ക്കാണ് ഈ സംഭവം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതെന്ന് യുവതി കരമന പൊലീസിനോട് പറഞ്ഞു.
യുവതിയുടെ പ്രൈഫൈലിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ഇന്‍സ്റ്റഗ്രാം മോണിറ്ററിങ് സെല്ലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വിവരം കൈമാറിയത്. കൊച്ചി സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവസ്ഥലം കരമനയാണെന്ന് കണ്ടെത്തി. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പതിനഞ്ച് മിനിറ്റിനുള്ളില്‍ കരമനയില്‍ നിന്ന് യുവതിയെ കണ്ടെത്തി. പക്ഷെ യുവതിയെ കണ്ട പൊലീസാണ് അമ്ബരന്നത്. പരിക്കൊന്നുമില്ലാതെ യുവതി ഇരിക്കുന്നു. തിങ്കളാഴ്ച യുവതിയും സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും യുവാവ് ഇറങ്ങിപ്പോകുകയും ചെയ്തു. ഏറെനേരം കഴിഞ്ഞിട്ടും ഇയാള്‍ മടങ്ങിവരാത്തതോടെ ഭയപ്പെടുത്താനാണ് ആത്മഹത്യാശ്രമ നാടകം നടത്തിയതെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.
മൂന്ന് വര്‍ഷത്തോളമായി പരിചയമുള്ള തിരുവനന്തപുരം മാമ്ബഴക്കര സ്വദേശിയായ യുവാവുമൊന്നിച്ച് മേലാറന്നൂരിനു സമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു യുവതി. വിഡിയോയില്‍ രക്തം ഒഴുകുന്നതായി കാണിക്കുന്നതിന് ടൊമാറ്റോ സോസാണ് യുവതി ഉപയോഗിച്ചത്. പൊലീസ് എത്തി അല്‍പസമയം കഴിഞ്ഞ് യുവാവും എത്തി. യുവതിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടതായി കരമന പൊലീസ് പറഞ്ഞു.