റോജര്‍ ഫെഡററുടെ അവസാന മത്സരത്തിന് മുമ്പ് കോര്‍ട്ടില്‍ നടന്നത് നാടകീയ രംഗങ്ങള്‍
ഇതിഹാസ ടെന്നീസ് താരം റോജര്‍ ഫെഡററുടെ വിടവാങ്ങൽ മത്സരത്തിന് മുമ്പ് കോര്‍ട്ടില്‍ നടന്നത് നാടകീയ രംഗങ്ങള്‍. ലേവര്‍ കപ്പിലെ മത്സരത്തിൽ സ്റ്റെഫാനോസ് സിറ്റ്‌സിപാസും ഡീഗോ ഷ്വാര്‍ട്സ്മാനും തമ്മിലുള്ള മത്സരത്തിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.കാളി നടക്കുന്നതിനിടെ കോര്‍ട്ടിലേക്കെത്തിയ ഒരു കാലാവസ്ഥാ വ്യതിയാന പ്രവര്‍ത്തകന്‍ സ്വയം തീകൊളുത്തുകയായിരുന്നു.
യുകെയിൽ സ്വകാര്യ ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ലണ്ടനിലുള്ള O2 അരീനയിലെ ടെന്നീസ് കോര്‍ട്ടിലേക്ക് കടന്നു കയറി ഇയാള്‍ സ്വയം തീവെച്ചത്. കോര്‍ട്ടിൽ ഇരുന്ന ശേഷം ഇയാള്‍ കയ്യില്‍ തീകൊളുത്തുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തെ തുടര്‍ന്ന് ലേവര്‍ കപ്പ് മത്സരം കുറച്ചു നേരത്തേക്ക് നിര്‍ത്തിവച്ചു.
ഉടനെത്തന്നെ കോര്‍ട്ടിലേക്ക് എത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ തീയണച്ച് ഇയാളെ കോര്‍ട്ടില്‍ നിന്നും മാറ്റി. കോര്‍ട്ടിലെ പ്രതലത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്താനുള്ള പരിശോധനക്ക് ശേഷം നിര്‍ത്തി വെച്ച മത്സരം പുനരാരംഭിച്ചു. അന്താരാഷ്‌ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് അനുസരിച്ച്, ‘2022 ലെ കാര്‍ബണ്‍ ബഹിര്‍ഗമനം വംശഹത്യയാണെന്ന്’ അവകാശപ്പെടുന്ന എന്‍ഡ് യുകെ പ്രൈവറ്റ് ജെറ്റ്‌സ് ഗ്രൂപ്പിലെ അംഗമായിരുന്നു പ്രതിഷേധക്കാരന്‍.
അതേസമയം, വിടവാങ്ങല്‍ മത്സരത്തില്‍ റോജര്‍ ഫെഡറര്‍ക്ക് തോല്‍വിയായിരുന്നു ഫലം. ഫ്രാന്‍സിസ് തിയാഫോ- ജാക്‌സോക് സഖ്യമാണ് ഫെഡറര്‍-നദാല്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. സെന്റര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ 6-4, 6-7 (2-7), 9-11 എന്ന സ്‌കോറിനാണ് പരാജയം ഉണ്ടായത്.