കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ ​ഗതാ​ഗതം താറുമായി

single-img
31 August 2022

കൊച്ചി; കനത്ത മഴയെ തുടര്‍ന്ന് ട്രെയിന്‍ ​ഗതാ​ഗതം താറുമായി. പല ട്രെയിനുകളും ഇന്ന് വൈകിയോടും.

രാവിലെ കായംകുളത്ത് നിന്നും 8.50ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള എറണാകുളം പാസഞ്ചര്‍ റദ്ദ് ചെയ്തു.

ഏറനാട് എക്സ്പ്രസ്, റപ്തിസാഗര്‍, ബിലാസ്പുര്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ വൈകും. നാഗര്‍കോവില്‍ നിന്നും പുലര്‍ച്ചെ 2.00 മണിക്ക് പുറപ്പെടേണ്ട 16606 മംഗളൂരു ഏറനാട് എക്സ്പ്രസ് 3.00 മണിക്ക് (ഒരു മണിക്കൂര്‍ വൈകി) പുറപ്പെടും. ഇന്ന് രാവിലെ 06.35 ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂര്‍ റപ്തിസാഗര്‍ സൂപ്പര്‍ഫാസ്റ്റ് ഉച്ചക്ക് 12.45ന് (6 മണിക്കൂര്‍ 10 മിനിറ്റ് വൈകി) കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. ഇന്ന് രാവിലെ 08.30ന് എറണാകുളത്ത് നിന്നും ബിലാസ്പൂര്‍ പോകേണ്ട സൂപ്പര്‍ ഫാസ്റ്റ് 11.15 ന് (2 മണിക്കൂര്‍ 45മിനിറ്റ് വൈകി) എറണാകുളത്ത് നിന്നും പുറപ്പെടും.

ഇന്നലെയുണ്ടായ കനത്ത മഴയിലും വെള്ളക്കെട്ടിലും എറണാകുളം ടൗണ്‍, എറണാകുളം ജങ്ഷന്‍ സ്റ്റേഷനുകളിലുണ്ടായ സിഗ്നല്‍ തകരാറാണ് കോട്ടയം വഴിയുള്ള തീവണ്ടി ഗതാഗതത്തെ ബാധിച്ചത്.

കൊല്ലം- കോട്ടയം-എറണാകുളം മെമു എക്സ്പ്രസ്സ് (06768) ചൊവാഴ്ച തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. നിസാമുദ്ദിന്‍-എറണാകുളം മംഗള എക്സ്പ്രസ്സ് (12618) ചൊവ്വാഴ്ച എറണാകുളം ജങ്ഷന്‍ സ്റ്റേഷനുപകരം എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു.12081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി ആലപ്പുഴ വഴി സര്‍വീസ് നടത്തും. ആലപ്പുഴ വഴി തിരിച്ചുവിട്ടിരിക്കുന്ന 12081 കണ്ണൂര്‍ -തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബദ് -തിരുവനന്തപുരം ശബരി ട്രെയിനുകള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, അമ്ബലപ്പുഴ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.

എറണാകുളം- കോട്ടയം- കൊല്ലം മെമു എക്സ്പ്രസ് (06769) ബുധനാഴ്ച തൃപ്പൂണിത്തുറയില്‍നിന്നാവും സര്‍വീസ് ആരംഭിക്കുക. എറണാകുളം ജങ്ഷനും തൃപ്പൂണിത്തുറയ്ക്കും ഇടയില്‍ ഈ ട്രെയിന്‍ ഭാഗികമായി റദ്ദ് ചെയ്തിട്ടുണ്ട്. കൊല്ലം – എറണാകുളം മെമു എക്സ്പ്രസ് (06778) മുളന്തുരുത്തി സ്റ്റേഷനിലും സര്‍വീസ് അവസാനിപ്പിക്കും.