ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തം കാരണം കൊച്ചി നഗരത്തിലെ മാലിന്യനീക്കം തടസ്സപ്പെട്ടു
ദിവസങ്ങളായി തുടരുന്ന ബ്രഹ്മപുരം പ്ലാന്‍റിലെ തീപിടിത്തം കാരണം കൊച്ചി നഗരത്തിലെ മാലിന്യനീക്കം തടസ്സപ്പെട്ടു.
നഗരത്തിലെ മാലിന്യം സംസ്കരിക്കുന്ന ഏക്കറുകളോളം വിശാലമായ പ്രദേശത്താണ് തീപിടിത്തമുണ്ടായത്. പ്ലാന്‍റിലേക്ക് മാലിന്യം എത്തിക്കാനാകാത്തവിധം തീ പടര്‍ന്നു. ഇതോടെ നഗരത്തിലെ മാലിന്യം നീക്കംചെയ്യാത്ത സ്ഥിതിയായി. നഗരത്തിലെ വഴിയോരങ്ങളില്‍ മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടായി.
ആദ്യ ദിവസങ്ങളില്‍ വീടുകളില്‍ നിന്നും മറ്റും ശേഖരിച്ച മാലിന്യമാണ് കെട്ടിക്കിടന്നത്. പലയിടത്തും വീടുകളില്‍നിന്ന് വെള്ളി, ശനി ദിവസങ്ങളില്‍ മാലിന്യം ശേഖരിച്ചിട്ടില്ല. മാലിന്യം കൊണ്ടുപോകുന്നതിന് ഓരോ പ്രദേശത്തും എത്താറുള്ള കോര്‍പറേഷന്‍ ലോറികളും എത്തിയില്ല. ഇതോടെ തൊഴിലാളികള്‍ വെള്ളിയാഴ്ച ശേഖരിച്ച മാലിന്യം കെട്ടുകളായി വഴിയോരങ്ങളില്‍ സൂക്ഷിക്കേണ്ടിവരികയായിരുന്നു. ശനിയാഴ്ച വീടുകളിലെത്തി മാലിന്യം ശേഖരിക്കുകയും ചെയ്തിട്ടില്ല. തീ നിയന്ത്രണവിധേയമായി മാലിന്യ സംസ്കരണം പൂര്‍വസ്ഥിതിയിലാകുമ്ബോള്‍, ഈ ദിവസങ്ങളിലെ മുഴുവന്‍ മാലിന്യവും ഒരുമിച്ച് നീക്കംചെയ്യേണ്ടിവരുമെന്നത് ജീവനക്കാരെയും പ്രതിസന്ധിയിലാക്കുന്നു.
ഇത്തരമൊരു സാഹചര്യമുണ്ടായപ്പോള്‍ തുടക്കത്തില്‍ തന്നെ മാലിന്യനീക്കത്തിന് ബദല്‍ സംവിധാനം ഒരുക്കാത്തതില്‍ പ്രദേശവാസികള്‍ അമര്‍ഷത്തിലാണ്.കൊച്ചി കോര്‍പറേഷന് പുറമെ തൃക്കാക്കര, കളമശ്ശേരി നഗരസഭകള്‍ ഉള്‍പ്പെടെ പല തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.നിലവില്‍ 70 ഏക്കറോളം പ്രദേശത്തേക്ക് തീ പടര്‍ന്നിട്ടുണ്ട്. ഇതോടെയാണ് മാലിന്യം കൊണ്ടുവരേണ്ടതില്ല എന്ന നിലപാടിലേക്ക് അധികൃതരെത്തിയത്. തൃക്കാക്കരയില്‍ മാത്രം കെട്ടിക്കിടക്കുന്നത് 25 ടണ്ണിലധികം മാലിന്യമാണ്.
തൃക്കാക്കര നഗരസഭയുടെ മൂന്ന് ലോറിയിലായി ദിവസേന 15 മുതല്‍ 20 ടണ്‍ വരെ മാലിന്യമായിരുന്നു സംസ്കരണത്തിന് ബ്രഹ്മപുരത്ത് എത്തിച്ചിരുന്നത്. ഇത് നിലച്ചതോടെ വീടുകളില്‍നിന്നും ഹോട്ടലുകളില്‍നിന്നുമുള്ള മാലിന്യശേഖരണവും നിര്‍ത്തിവെച്ചിട്ടുണ്ട്. നഗരസഭയിലെ 70ലധികം വരുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായിരുന്നു ഇതിന്റെ ചുമതല. 22 പെട്ടി ഓട്ടോകളിലായാണ് മാലിന്യം ശേഖരിച്ചിരുന്നത്.
തരം തിരിച്ച മാലിന്യം ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെയാണ് ഇവരോട് മാലിന്യം ശേഖരിക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചത്. കളമശ്ശേരിയില്‍നിന്ന് മാലിന്യം കൊണ്ടുവന്ന ലോറി അധികൃതര്‍ ഇടപെട്ട് മടക്കി അയപ്പിച്ചു. സ്ഥിതിഗതികള്‍ ഇനിയും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബ്രഹ്മപുരത്തെ ആശ്രയിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യകേന്ദ്രങ്ങളായി മാറും.
ബ്രഹ്മപുരം കെടാതെ കത്തുമ്ബോള്‍ കൊച്ചി നഗരത്തെയും ചുറ്റുമുള്ള പ്രദേശങ്ങളെയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍. പ്ലാസ്റ്റിക് കത്തുമ്ബോള്‍ വിഷലിപ്തമായ നിരവധി രാസഘടകങ്ങളാണ് പുറത്തേക്ക് വരുന്നത്. ഇവ ശ്വാസകോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. ചെറിയ കുട്ടികള്‍, വയോജനങ്ങള്‍, ഗര്‍ഭിണികള്‍ എന്നിവരോടൊപ്പം മറ്റു ശ്വാസകോശ രോ ഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഈ വിഷപ്പുക കൂടുതല്‍ അപകടകരമാണെന്ന് ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് പള്‍മണറി മെഡിസിന്‍ അഡീഷനല്‍ പ്രഫസര്‍ കൂടിയായ ഡോ.പി.എസ്. ഷാജഹാന്‍ പറയുന്നു.
മൂക്കിലും തൊണ്ടയിലും പുകച്ചില്‍ അനുഭവപ്പെടുകയും തുമ്മലിനും ചുമക്കും പെട്ടെന്നിടയാക്കുന്നതുമാണിത്. പലതരത്തില്‍ അന്തരീക്ഷം തന്നെ മലിനമായ സാഹചര്യത്തില്‍ പ്ലാസ്റ്റിക് പുകശല്യം കൂടി കൊച്ചിക്കാര്‍ സഹിക്കേണ്ട ഗതികേടിലാണ്. മൂടല്‍മഞ്ഞിന് സമാനമായ രീതിയിലാണ് കൊച്ചി നഗരത്തിന്‍റെ പലഭാഗങ്ങളും.