ദുൽഖറിന്റെ ലക്കി ഭാസ്‌ക്കർ 3 ദിവസത്തിൽ നേടിയത് 39 കോടി 90 ലക്ഷം; കുതിപ്പ് തുടരുന്നു

single-img
3 November 2024

ദീപാവലി റിലീസായി എത്തിയ ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടി കുതിപ്പ് തുടരുന്നു. ആദ്യ മൂന്നു ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 39 കോടി 90 ലക്ഷത്തിനും മുകളിലാണ് . കേരളത്തിൽ നിന്ന് മാത്രം മൂന്നാം ദിവസം ചിത്രം നേടിയ ഗ്രോസ് 2 കോടി 30 ലക്ഷമാണ്.

ആദ്യ ദിനം 12 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് രണ്ടാം ദിനം 14 കോടിയോളമാണ് ലഭിച്ചത്. മൂന്നാം ദിനവും എകദേശം അത്ര തന്നെ ഗ്രോസ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കി. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

കേരളത്തിലും ഗൾഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ കഥയാണ് പറയുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തിയിരുന്നു.