ഖത്തര്‍ ലോകകപ്പിനിടെ അര്‍ജന്റീനിയന്‍ മാദ്ധ്യമ പ്രവര്‍ത്തകയുടെ പണവും വിലപ്പെട്ട രേഖകളും മോഷണം പോയി
ദോഹ: ഖത്തര്‍ ലോകകപ്പിനിടെ അര്‍ജന്റീനിയന്‍ മാദ്ധ്യമ പ്രവര്‍ത്തകയുടെ ബാഗിനുള്ളില്‍ നിന്നും പണവും വിലപ്പെട്ട രേഖകളും മോഷണം പോയി.
ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീനയും ഇക്വഡോറും തമ്മില്‍ ഏറ്റുമുട്ടുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം. ദോഹയിലെ കോര്‍ണീഷ് മേഖലയില്‍ വെച്ചായിരുന്നു മോഷണം നടന്നത്.
മോഷണത്തെ കുറിച്ച് പോലീസില്‍ പരാതി നല്‍കിയതായി മാദ്ധ്യമ പ്രവര്‍ത്തക ഡൊമിനിക് മെറ്റ്സ്ഗര്‍ അറിയിച്ചു. അര്‍ജന്റീനിയന്‍ മാദ്ധ്യമം ടോഡോ നൊട്ടീഷിയാസിന്റെ റിപ്പോര്‍ട്ടറാണ് മെറ്റ്സ്ഗര്‍.
ആള്‍ക്കൂട്ടത്തിനൊപ്പം നൃത്തം ചെയ്യവെ, മോഷ്ടാവ് ബാഗിന്റെ സിപ്പ് തുറന്ന് പണവും രേഖകളും കൈക്കലാക്കിയതാകാമെന്ന് മെറ്റ്സ്ഗര്‍ പറഞ്ഞു. റിപ്പോര്‍ട്ടിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം വാട്ടര്‍ ബോട്ടില്‍ വാങ്ങാന്‍ പേഴ്സ് പരതിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ പിടികൂടാമെന്ന് പോലീസ് ഉറപ്പ് നല്‍കിയതായി ഡൊമിനിക് മെറ്റ്സ്ഗര്‍ പറഞ്ഞു